ഹാദിയ സുരക്ഷിതയെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മതംമാറി വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുതടങ്കലിൽ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയക്ക് പിതാവിെൻറ ഉപദ്രവം ഏൽക്കുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്. കോട്ടയം ജില്ല പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് വനിത കമീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് വനിത പൊലീസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണ് ഹാദിയ വീട്ടിൽ കഴിയുന്നത്. പിതാവിെൻറയോ മറ്റുള്ളവരുടെയോ ഉപദ്രവമോ മറ്റ് ദോഷകരമായ പ്രവൃത്തികളോ ഉണ്ടാകാത്ത വിധം സദാ പൊലീസ് സുരക്ഷയുണ്ട്. മയക്കിക്കിടത്താൻ മരുന്ന് നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹാദിയയുടെ ഒടുവിലത്തെ സ്ഥിതിഗതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്.വീട്ടിനു പുറത്ത് പൊലീസ് കാവലുണ്ട്. രാത്രികാലങ്ങളിൽ വൈക്കം സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മൊബൈൽ പേട്രാളിങ് ഡ്യൂട്ടിയിലുള്ളവർ സുരക്ഷ നൽകുന്നു. വീട് വേമ്പനാട് കായലിന് സമീപമായതിനാൽ ബോട്ട് പേട്രാളിങ്ങുമുണ്ട്.
കുടുംബം ബന്ധുക്കളുമായും അയൽവാസികളുമായി ഇടപഴകിയാണ് ജീവിക്കുന്നതെന്നും സദാസമയം തങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പിതാവിനോ മറ്റാർക്കെങ്കിലുമോ യുവതിയെ ശാരീരികമായി ഉപദ്രവിക്കാനോ മറ്റ് ദോഷകരമായ പ്രവൃത്തി ചെയ്യാനോ സാധിക്കില്ലെന്നും സംരക്ഷണച്ചുമതലയുള്ള വനിത പൊലീസുദ്യോഗസ്ഥയുടെയും വൈക്കം സബ് ഇൻസ്പെക്ടറുടെയും അഭിപ്രായവും റിപ്പോർട്ടിലുണ്ട്. അഞ്ച് ദിവസത്തിലൊരിക്കൽ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്നും നേരിട്ടുള്ള സംരക്ഷണത്തിന് ചുമതലപ്പെടുത്തുന്ന വനിത പൊലീസുകാരുടെ അഭിപ്രായം റിപ്പോർട്ടിൽ നിർബന്ധമായും ഉൾക്കൊള്ളിക്കണമെന്നും എസ്.പിക്ക് നിർദേശം നൽകുമെന്ന് ചെയർപേഴ്സൺ എം.സി. ജോസഫൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.