ഹാദിയക്ക് പഠനം തുടരാൻ അനുമതി; ഭർത്താവിനെ കാണുന്നതിന് വിലക്കില്ല
text_fieldsന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കേസിൽ സുപ്രീംകോടതി നടത്തിയ നിർണായകമായ ഇടപെടലിൽ മാതാപിതാക്കളുടെ കസ്റ്റഡിയിൽനിന്ന് ഹാദിയക്ക് മോചനം.
കേസിലെ കക്ഷികളായ പിതാവിനും ഭർത്താവിനും വിട്ടുകൊടുക്കാതെ ഹോമിയോഹൗസ് സർജൻസി പൂർത്തിയാക്കാൻ ഹാദിയയെ ഡൽഹി കേരള ഹൗസിൽനിന്ന് നേരെ സേലത്തെ ബി.എച്ച്.എം.എസ് കോളജിൽ എത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
അതേസമയം ഭർത്താവ് ശഫിൻ ജഹാെൻറ കൂടെ പോകണമെന്നും ഭർത്താവിെന കോളജിലെ രക്ഷിതാവായി പരിഗണിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം കേരള ഹൈകോടതി വിവാഹം റദ്ദാക്കിയ വിധി നിലനിൽക്കുന്നതിനാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുവദിച്ചില്ല. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ എല്ലാ വിഷയങ്ങളും നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ശഫിൻ ജഹാൻ നൽകിയ അപ്പീൽ ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും.
ചുവപ്പ് സൽവാറിൽ മുഖം ചുറ്റി തട്ടമിട്ട് പൊലീസിെൻറ സംരക്ഷണത്തിൽ മാതാപിതാക്കൾക്കൊപ്പം കോടതിമുറിയിലെത്തിയ ഹാദിയ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും സ്വന്തം വിശ്വാസവും പഠനവുമായി മുന്നോട്ടുപോകണമെന്നും ഭർത്താവ് ശഫിൻ ജഹാനൊപ്പം ജീവിക്കണമെന്നും മൂന്നംഗ ബെഞ്ചിന് മുമ്പാകെ തുറന്നു വ്യക്തമാക്കി. മനുഷ്യനെന്ന പരിഗണനയാണ് പ്രഥമമായി വേണ്ടതെന്നും 11 മാസത്തെ നിയമവിരുദ്ധമായ കസ്റ്റഡി അവസാനിപ്പിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ ഹാദിയക്ക് പ്രവേശനം നൽകണമെന്ന് നേരത്തെ അവർ പഠിച്ച തമിഴ്നാട് സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളജ് അധികൃതർക്ക് കോടതി നിർദേശം നൽകി. കോളജിലേക്ക് പോകുന്നത് വരെ ഹാദിയ ന്യൂഡൽഹി കേരള ഹൗസിലായിരിക്കും താമസിക്കുക. സേലത്ത് എത്തുന്നതിന് മുമ്പ് സുഹൃത്തിെൻറ വീട്ടിൽ പോകണമെന്ന ആവശ്യം കോടതി നിരസിച്ചു. കേരള ഹൗസിൽനിന്നും കോളജ് വരെ സുരക്ഷിതമായി ഹാദിയയെ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും കേരള സർക്കാർ നിർവഹിക്കണം. കോളജിൽ രക്ഷിതാവ് ആയി ഭർത്താവ് അല്ലാത്ത ആരെയും ഹാദിയക്ക് ആവശ്യമില്ലാത്തതിനാൽ അവൾക്കാവശ്യമായ സൗകര്യങ്ങളും സംരക്ഷണവും കോളജ് ഡീൻ ഉറപ്പാക്കണം. സേലം കോളജിലെ രീതിയനുസരിച്ച് ഹാദിയക്ക് ഹോസ്റ്റലിൽ ഒരു മുറിയോ, മറ്റു വിദ്യാർഥിനികളുമായി പങ്കുവെച്ചുള്ള മുറിയോ നൽകണം. ഏതെങ്കിലും തരത്തിലുള്ള നടപടിക്രമങ്ങൾ ആവശ്യമെങ്കിൽ അക്കാര്യം കോളജ് അധികൃതർ സുപ്രീംകോടതിയെ അറിയിക്കണം.
സേലത്ത് എത്തിയാല് തമിഴ്നാട് പൊലീസ് സുരക്ഷയൊരുക്കണം. ഒരു വനിത കോൺസ്റ്റബിള് എങ്കിലും ഹാദിയക്കൊപ്പമുണ്ടാകണം. കോളജിലും ഹോസ്റ്റലിലും മറ്റു വിദ്യാര്ഥികളെപ്പോലെ തന്നെ ഹാദിയയെയും പരിഗണിക്കണം. ശഫിൻ ജഹാനെ കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും സുപ്രീംകോടതി നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. അടച്ചിട്ട മുറിയിൽ ഹാദിയയുടെ മൊഴി കേൾക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച അപേക്ഷ കോടതി തള്ളി. തുറന്ന കോടതിയിൽ അനിശ്ചിതത്വവും ഉത്കണ്ഠയും നിറഞ്ഞ രണ്ട് മണിക്കൂർ വാദത്തിന് ശേഷമാണ് ഹാദിയയുമായി സംസാരിക്കാൻ സുപ്രീംകോടതി സന്നദ്ധമായത്. ആദ്യം ഹാദിയയെ കേൾക്കണോ, കേസിലെ എൻ.െഎ.എ റിപ്പോർട്ട് പരിഗണിക്കണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് തങ്ങളെന്ന് അനിശ്ചിതത്വത്തിനിടയിൽ നിരവധി തവണ ബെഞ്ച് വ്യക്തമാക്കി.
ശഫിൻ ജഹാെൻറ അഭിഭാഷകൻ കപിൽ സിബലും സംസ്ഥാന വനിത കമീഷന് വേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശും ആദ്യം ഹാദിയയെ കേൾക്കണമെന്ന ആവശ്യത്തിൽ ശക്തമായ നിലപാട് എടുത്തതോടെയാണ് ജഡ്ജി ഹാദിയയുമായി നേരിൽ സംസാരിക്കുകയും മോചനത്തിനുള്ള വഴിയൊരുക്കുകയും ചെയ്തത്.
മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാരുടെ ചോദ്യത്തിന് മലയാളത്തിലാണ് ഹാദിയ മറുപടി നൽകിയത്. മലയാളത്തിൽ മൊഴി നൽകാമെന്ന് പറഞ്ഞ ഹാദിയക്ക് പരിഭാഷകനെ ഉപയോഗിക്കാൻ കോടതി അനുമതി നൽകി. കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാവുന്ന അഭിഭാഷകൻ വി.വി ഗിരിയാണ് ഹാദിയ മലയാളത്തിൽ പറയുന്ന മൊഴികൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. ഹാദിയയുടെ നിലപാട് അറിഞ്ഞ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ വീട്ടിൽ നിന്ന് സ്വതന്ത്രയാക്കിയത് വിജയമാണ്. കോളജ് ഹോസ്റ്റലിൽ പോയി ഹാദിയയെ കാണുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ശഫിൻ അറിയിച്ചു. വിധിയിൽ പൂർണ സംതൃപ്തിയെന്ന് അശോകന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അഭിഭാഷൻ വ്യക്തമാക്കി.
നേരത്തെ, ഹാദിയയെ അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഹാദിയയുടെ നിലപാട് തുറന്ന കോടതിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേട്ടത്. കേസിൽ ഹാദിയയുടെ നിലപാടാണ് കോടതി ആദ്യം അറിയേണ്ടതെന്ന് ശഫിൻ ജഹാന്‍റെ അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ച വാദം കണക്കിലെടുത്താണ് മൂന്നംഗ ബെഞ്ചിന്‍റെ നടപടി.
ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു. തെറ്റാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്‍റെ അനന്തരഫലം അവൾ അനുഭവിക്കും. വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തിന് വർഗീയ നിറം നൽകരുത്. എൻ.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണ്. ഹാദിയയെ കേൾക്കുന്നതിന് പകരം വാർത്താ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്ന വിഷമാണ് നാം ചർച്ച ചെയ്യുന്നതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഹാദിയ കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്ന് പിതാവ് അശോകന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേസിന് സാമുദായിക മാനങ്ങളുണ്ട്. കോടതി മുറിയിൽ പോലും വർഗീയ അന്തരീക്ഷം നിലനിൽക്കുന്നു. അതിനാൽ രഹസ്യവാദം കേൾക്കണം. ശഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ട്. വിഷയത്തിൽ സംഘടിത ശക്തികളുടെ പ്രവർത്തനമുണ്ട്. ജഡ്ജിമാരും ഹാദിയയും തമ്മിൽ സംസാരിക്കണം. തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ശഫിൻ ജഹാന് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ അഭിഭാഷകൻ വാദിച്ചു. ഐ.എസ് പ്രവർത്തകനുമായി ശഫിൻ ജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു. ഹാദിയക്ക് ഇസ് ലാമിക ആശയങ്ങൾ അടിച്ചേൽപിച്ചത് സൈനബയാണ്. സത്യസരണി മതം മാറ്റ കേന്ദ്രമാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ട്. നിലവിൽ ഏഴ് കേസുകൾ അന്വേഷണത്തിലാണ്. മതപരിവർത്തനത്തിനായി വലിയ ശൃംഖലയുണ്ട്. ഈ സംഘടനകളുടെ സ്വാധീനത്തിലാണ് ഹാദിയയുടെ ഇപ്പോഴത്തെ നിലപാട്. ശഫിൻ ജഹാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചു. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.
ചൂടേറിയ വാദ പ്രതിവാദങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് മുമ്പാകെ നടന്നത്. വാദത്തിനിടെ കേസിനെ "സ്റ്റോക്ഹോം സിൻഡ്രോം" എന്ന് സുപ്രീംകോടതി പരാമർശിച്ചതായും റിപ്പോർട്ടുണ്ട്. ബന്ദികൾക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസികനിലയാണിത്. ഇത്തരം സാഹചര്യത്തിൽ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി പരാമർശത്തെ ഹാദിയ കേസുമായി ബന്ധപ്പെടുത്തേണ്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും എൻ.ഐ.എ അഭിഭാഷകനും ആണ് കോടതിയിൽ ഹാജരായത്.
മൂന്നു മണിയോടെ കനത്ത സുരക്ഷയിലാണ് തന്റെ ഭാഗം പറയാനായി ഹാദിയയെ സുപ്രീംകോടതിയിൽ എത്തിച്ചത്. കേരളാ ഹൗസിൽ നിന്ന് ഡൽഹി പൊലീസിന്‍റെ ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഹാദിയയെയും മറ്റുള്ളവരെയും കോടതിയിൽ എത്തിച്ചത്. ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനും കോടതിയിൽ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.