ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ്: ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്രം
text_fieldsകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി കരിപ്പൂരിനെ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞ വിമാനത്താവളങ്ങള്‍ക്കുവരെ നല്‍കിയിട്ടും കരിപ്പൂരിനെ അവഗണിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിവിധ ഇടങ്ങളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും പ്രതിരോധത്തിലായി. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തുന്നതിന് കരിപ്പൂരില്‍നിന്ന് അനുമതി ഇല്ലാത്തതിനാലാണ് ടെന്‍ഡറില്‍ ഉള്‍പ്പെടാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, കരിപ്പൂരിനെക്കാള്‍ ചെറുതും കൂടുതല്‍ തീര്‍ഥാടകരുള്ളതുമായ ലഖ്നോവിന് അനുമതി നല്‍കിയിട്ടുണ്ട്. വിമാന ദുരന്തം നടന്ന ടേബിള്‍ടോപ് വിമാനത്താവളവും കരിപ്പൂരിനെക്കാളും 400 മീറ്റര്‍ റണ്‍വേ നീളം കുറഞ്ഞതുമായ മംഗലാപുരത്തുനിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
ഹജ്ജ് സര്‍വിസ് നടത്താന്‍ ഡി കാറ്റഗറിയിലുള്ള വിമാനത്താവളം മാത്രം മതിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. റണ്‍വേ നീളം കൂട്ടാതെതന്നെ ഡി കാറ്റഗറിയില്‍പെട്ട വിമാനം ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്താമെന്നിരിക്കെ ഇത്തവണയും നെടുമ്പാശ്ശേരിക്ക് നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിനാണ് അധികൃതര്‍ വിശദീകരണം നല്‍കേണ്ടത്. അതേസമയം, കരിപ്പൂരില്‍നിന്നുതന്നെ സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ഉപവാസ സമരം നടത്തുമെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. പ്രതികാര നടപടിയാണ് വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. അത് എന്തിനാണെന്ന് വ്യക്തമാകുന്നില്ളെന്നും ഹജ്ജ് ഹൗസില്‍ എത്തിയ എം.പി പറഞ്ഞു.
പ്രധാനമന്ത്രിയെ കാണും –ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് നെടുമ്പാശ്ശേരിയില്‍ തുടരുന്നത് നീതീകരിക്കാനാകില്ളെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍നിന്നുതന്നെ ഹജ്ജ് സര്‍വിസ് നടത്തണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണും. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്തതിന് ശേഷം മുഖ്യമന്ത്രി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കാണാനാണ് തീരുമാനം. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമ്പോള്‍ കൂടെ വരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എല്ലാ എം.പിമാര്‍ക്കും ഹജ്ജ് കമ്മിറ്റി കത്ത് അയക്കും. 800 ഹാജിമാര്‍ക്ക് ഒരേസമയം താമസിക്കുന്നതിനും ഇഹ്റാം കെട്ടുന്നതിനുള്ള സൗകര്യം ഹജ്ജ് ഹൗസിലുണ്ട്. നെടുമ്പാശ്ശേരിയില്‍ മെയിന്‍റനന്‍സ് ഹാങ്ങറില്‍ ക്യാമ്പ് നടത്താന്‍ ഒരുകോടി രൂപയാണ് ചെലവ്. ഹാങ്ങര്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മറ്റൊരു സ്ഥലത്ത് ക്യാമ്പ് നടത്തണമെങ്കില്‍ രണ്ടുകോടി രൂപയാകും നടത്തിപ്പിന്. മംഗലാപുരം വിമാനത്താവളത്തിലെ അപകടത്തിന്‍െറ പേരില്‍ കോഴിക്കോടിനെ ശിക്ഷിക്കുന്നത് ശരിയല്ളെന്നും ചെയര്‍മാന്‍ പറഞ്ഞു.
റണ്‍വേ വീതി കൂട്ടുന്നതിന് 60 ഏക്കര്‍ വേണമെന്ന് ആവശ്യം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ വീതികൂട്ടുന്നതിന് 60 ഏക്കറില്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ നടക്കുന്നു. റണ്‍വേ സ്ട്രിപ്പിന്‍െറ വീതി 150 മീറ്ററില്‍നിന്ന് 300 ആയി വര്‍ധിപ്പിക്കുന്നതിനാണ് സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്രയും സ്ഥലമെങ്കിലും ഏറ്റെടുത്ത് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ അനുമതി നല്‍കാമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നതെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. വികസനത്തിനായി 60 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. അതേസമയം, 60 ഏക്കര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ഹജ്ജ് കമ്മിറ്റി മുഖേന 95,693 അപേക്ഷകര്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയത് 95,693 പേര്‍. ഇതില്‍ 10,820 പേരാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുന്ന സംവരണ വിഭാഗത്തിലുള്ളത്. 70 വയസ്സിന് മുകളിലുള്ള 1738 പേരും അഞ്ചാം വര്‍ഷക്കാരായ 9,092 അപേക്ഷകരുമാണുള്ളത്. നാലാം വര്‍ഷക്കാര്‍ 14,217 ആണ്. ഇവരില്‍നിന്ന് കുറച്ച് പേര്‍ക്കും അവസരം ലഭിക്കും. 8,895 പേരാണ് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നുള്ളത്. കോഴിക്കോട് നിന്നാണ് കൂടുതല്‍ പേര്‍ (3,397). മലപ്പുറത്തുനിന്ന് 2,395ഉം കണ്ണൂരില്‍നിന്ന് 1,369 അപേക്ഷകരുമുണ്ട്. ഏറ്റവും കുറവുള്ള പത്തനംതിട്ടയില്‍നിന്ന് -39. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍നിന്ന് 1,925 പേരാണുള്ളത്. മാര്‍ച്ച് 19നാണ് ഹജ്ജ് നറുക്കെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.