ഹജ്ജ്: കൂടുതൽ അപേക്ഷകർ കേരളത്തിൽ
text_fieldsകൊണ്ടോട്ടി: 2018ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ കൂടുതൽ അപേക്ഷകരുള്ളത് കേരളത്തിൽ. വെള്ളിയാഴ്ച വൈകീട്ട് വരെ 68,876 അപേക്ഷകളാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ ലഭിച്ചത്. 93 ശതമാനവും ഒാൺലൈനായാണ് ലഭിച്ചത്. 1,242 അപേക്ഷകൾ 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 288 എണ്ണം മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലുമാണ്.
മുഴുവൻ അപേക്ഷകളുെടയും ഡാറ്റ എൻട്രി പൂർത്തിയാകുന്നതോടെ കൃത്യമായ കണക്ക് ലഭിക്കും. പുതിയ ഹജ്ജ് നയത്തിൽ അഞ്ചാംവർഷ അപേക്ഷകരെ സംവരണ വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതിനാൽ അപേക്ഷകരുടെ എണ്ണത്തിൽ വൻകുറവുണ്ട്. 2017ൽ 95,236ഉം 2016ൽ 76,417ഉം അേപക്ഷ ലഭിച്ചിരുന്നു.
ഡിസംബർ 31നകം മുഴുവൻ അപേക്ഷകളുടെയും ഡാറ്റ എൻട്രി പൂർത്തിയാക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. ജനുവരി ആദ്യവാരമാണ് നറുക്കെടുപ്പ്. 70 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുക. തപാൽ മുഖേന ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി 95 ശതമാനം പേർക്കും എസ്.എം.എസ്, തപാൽ എന്നിവ മുഖേന കവർ നമ്പറുകൾ അയച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്ക് 25നകം നൽകുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയുർ മുഹമ്മദ്കുഞ്ഞ് മൗലവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.