ഹജ്ജ് തീർഥാടകരുടെ മടക്കം 12 മുതൽ
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് പുറപ്പെട്ട തീർഥാടകർ സെപ്റ്റംബർ 12 മുതൽ തിരിച്ചെത്തും. മടങ്ങിയെത്തുന്നവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ചൊവ്വാഴ്ച കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബുധനാഴ്ച ഉച്ചക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ സിയാലിെൻറ നേതൃത്വത്തില്‍ യോഗം നടക്കും. തീർഥാടകരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ 50 വളൻറിയർമാർ വിമാനത്താവളത്തിലുണ്ടാകും.
12ന് രാവിലെ ആറിനാണ് ആദ്യവിമാനം. പ്രഥമ ഹജ്ജ് സംഘത്തെ മന്ത്രി ഡോ. കെ.ടി. ജലീലിെൻറ നേതൃത്വത്തിൽ സ്വീകരിക്കും. തീർഥാടകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന സംഭാവന മന്ത്രിക്ക് കൈമാറും. 12 മുതല്‍ 26 വരെയായി 29 ചാര്‍ട്ടര്‍ വിമാനങ്ങളിലും ഒരു യാത്രാവിമാനത്തിലുമായാണ് മടക്കസര്‍വിസുകൾ ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് മടക്കയാത്ര. ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്. 13ന് ഒരു വിമാനം സര്‍വിസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തീയതികളില്‍ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തീയതികളില്‍ രണ്ട് വിമാനങ്ങളുമുണ്ടാകും. 17, 21, 24 തീയതികളില്‍ ഓരോ വിമാനവും സര്‍വിസ് നടത്തും.
ആദ്യം പോയ വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യമെത്തുക. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം വിമാനത്താവളത്തില്‍ കൈമാറും. 23 കുട്ടികള്‍ ഉൾപ്പെടെ 12,013 പേരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര തിരിച്ചത്. അടുത്ത വര്‍ഷം ഹജ്ജ് സർവിസുകള്‍ കരിപ്പൂരില്‍നിന്ന് നടത്താന്‍ ശ്രമം നടത്തുമെന്ന് ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ കാരാട്ട് റസാഖ് എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ഡോ. ബഹാഉദ്ദീൻ കൂരിയാട്, പി. അബ്ദുറഹ്മാൻ (ഇണ്ണി), കടക്കൽ അബ്ദുൽ അസീസ് മൗലവി, എൽ. സുലൈഖ, മുസ്ലിയാർ സജീർ, മുഹമ്മദ് കാസിംകോയ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, എച്ച്. മുസമ്മിൽ ഹാജി, പി.കെ. അഹമ്മദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.