അഞ്ചാം വർഷക്കാരെ ഒഴിവാക്കൽ : കേരളത്തിെൻറ ഹജ്ജ് ക്വോട്ട പകുതിയായി കുറയും
text_fieldsകൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിലെ ശിപാർശപ്രകാരം അഞ്ചാം വർഷ അപേക്ഷകരെ ഒഴിവാക്കുന്നതോടെ കേരളത്തിെൻറ ക്വോട്ട പകുതിയായി കുറയും. നിലവിലുള്ള മാനദണ്ഡം അനുസരിച്ച് അടുത്ത വർഷം കേരളത്തിന് 15,000ത്തോളം സീറ്റുകൾ ലഭിക്കേണ്ടതാണ്. എന്നാൽ, ഹജ്ജ് നയ പുനരവലോകനസമിതി സമർപ്പിച്ച ശിപാർശപ്രകാരം ആറായിരത്തോളം മാത്രമേ ലഭിക്കു. അഞ്ചാം വർഷ അപേക്ഷകർക്ക് നേരിട്ട് അവസരം നൽകുന്നതിന് പകരം എല്ലാവരെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നാണ് ശിപാർശ.
കഴിഞ്ഞ രണ്ട് തവണയും കേരളത്തിന് യഥാർഥ ക്വോട്ടയെക്കാൾ ഇരട്ടിപേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇൗ രണ്ട് വർഷവും അഞ്ചാം വർഷ അപേക്ഷകർക്ക് നറുക്കെടുപ്പ് ഒഴിവാക്കി നേരിട്ട് അവസരം നൽകിയതിനാലാണ് കൂടുതൽ സീറ്റ് ലഭിച്ചത്. നിലവിലുള്ള ഹജ്ജ് നയത്തിൽ സംവരണ വിഭാഗത്തിൽ നാലാം വർഷ അപേക്ഷകെരയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മുഴുവൻ നാലാം വർഷക്കാർക്കും അവസരം ലഭിക്കാതെ വന്നതോടെയാണ് കേരളത്തിലും അഞ്ചാം വർഷ അപേക്ഷകർ ഉൾപ്പെട്ടത്. ഗുജറാത്താണ് അഞ്ചാം വർഷ അപേക്ഷകരുള്ള മറ്റൊരു സംസ്ഥാനം.
ഇക്കുറി കേരളത്തിൽനിന്ന് 95,236 അപേക്ഷകരാണുണ്ടായിരുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ അടിസ്ഥാനത്തിൽ 6,128 പേർക്ക് മാത്രമാണ് അവസരം ലഭിക്കേണ്ടത്. എന്നാൽ, അഞ്ചാം വർഷ അപേക്ഷകരുള്ളതിനാൽ 5,069 സീറ്റുകൾ അധികമായി അനുവദിക്കുകയായിരുന്നു. ഇതടക്കം 11,197 ആയിരുന്നു കേരളത്തിന് അനുവദിച്ച ക്വോട്ട. 70 വയസ്സിന് മുകളിലുള്ള 1,740ഉം 9,090 അഞ്ചാം വർഷ അപേക്ഷകരുമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള 367 സീറ്റ് നാലാം വർഷക്കാരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. 2016ലും അഞ്ചാം വർഷ അപേക്ഷകരുള്ളതിനാൽ അധികമായി 4,910 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇതോടെ 5,033 ആയിരുന്ന ക്വോട്ട 9,943 ആയി വർധിച്ചു.
2017ൽ 14,382 നാലാം വർഷ അപേക്ഷകരാണുള്ളത്. ഇവരിൽനിന്ന് കാത്തിരിപ്പ് പട്ടികയിൽ നിന്നടക്കം ആയിരത്തോളം പേർക്ക് അവസരം ലഭിച്ചിരുന്നു. ബാക്കിയുള്ള 13,500ഒാളം പേർക്ക് അടുത്ത തവണ നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിക്കേണ്ടതാണ്. കൂടാതെ, 70 വയസ്സിന് മുകളിലുള്ള അപേക്ഷകർക്കും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുക്കുന്നതിനാൽ അടുത്ത വർഷം കേരളത്തിന് 15,000ത്തോളം സീറ്റുകൾ ലഭിക്കുമായിരുന്നു. എന്നാൽ, അഞ്ചാം വർഷക്കാരെ പരിഗണിക്കേണ്ടതില്ലെന്ന നിർദേശം വന്നതോടെ യഥാർഥ ക്വോട്ടയായ 6,000ത്തോളം സീറ്റുകൾ മാത്രമാണ് ലഭിക്കുക. ഇൗ പ്രശ്നം പരിഹരിക്കാൻ അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ക്വോട്ട നിശ്ചയിക്കണമെന്ന് കേരളം ആവശ്യപ്പെെട്ടങ്കിലും പരിഗണിച്ചില്ല.
അേതസമയം, പുതിയ നിർദേശം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള സ്വകാര്യഗ്രൂപ്പുകൾ മുഖേന കൂടുതൽ സീറ്റുകൾ ലഭിക്കും. നിലവിൽ 45,000 ആയിരുന്നു ഇന്ത്യയിൽ സ്വകാര്യഗ്രൂപ്പുകൾക്കുള്ള ക്വോട്ട. പുതിയ ഹജ്ജ് നയം അനുസരിച്ച് ഇത് 51,000 ആയി വർധിക്കും. ഇൗ വർഷം ഗ്രൂപ്പുകൾ മുഖേന 11,000ത്തോളം പേരാണ് ഹജ്ജ് നിർവഹിച്ചത്. പുതിയ നിർദേശം നടപ്പിലാകുന്നതോടെ സ്വകാര്യഗ്രൂപ്പുകളുടെ സീറ്റുകളുടെ എണ്ണം വർധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.