ഹജ്ജ്: റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം
text_fields
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിനായി അപേക്ഷ സമര്‍പ്പിക്കുന്ന റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം. 70 വയസ്സിന് മുകളിലുള്ള റിസര്‍വ് കാറ്റഗറി എ വിഭാഗത്തിലുള്ളവരും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷിക്കുന്ന ബി കാറ്റഗറിയിലുള്ളവരുമാണ് ഹജ്ജ് ഹൗസില്‍ നേരിട്ട് അപേക്ഷ നല്‍കേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും വൈകീട്ട് മൂന്നിനും ഇടയിലാണ് അപേക്ഷ നല്‍കേണ്ടത്. ഈ വിഭാഗത്തിലുള്ളവര്‍ ഒറിജിനല്‍ പാസ്പോര്‍ട്ടും ഫോട്ടോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഹജ്ജ് അപേക്ഷഫോറത്തിന്‍െറ വിതരണോദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് ട്രെയിനര്‍മാരുടെ ആദ്യഘട്ട പരിശീലനത്തിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
അപേക്ഷഫോറം തിങ്കളാഴ്ച മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍നിന്നും ചൊവ്വാഴ്ച മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ല കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലില്‍നിന്നും ലഭിക്കും. കോഴിക്കോട് പുതിയറയിലെ മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസിലും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും അപേക്ഷഫോറം സൗജന്യമായി ലഭ്യമാണ്. ജനുവരി 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
റിസര്‍വ് വിഭാഗത്തില്‍ അല്ലാത്തവര്‍ എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം -673647 എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കുടുംബ ബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷിക്കാന്‍ പാടില്ല.
ഫോറം ലഭിക്കാന്‍ അപേക്ഷകരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. www.hajcommittee.com, keralahajcommittee.org എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്നും ഹജ്ജ് അസി. സെക്രട്ടറി അബ്ദുറഹ്മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ -04832710717
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.