ഹജ്ജ്: അപേക്ഷിച്ചത് 12,810 പേർ; കൂടുതൽ മലപ്പുറത്ത്
text_fieldsകരിപ്പൂർ: ഈ വർഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തുനിന്ന് ഹജ്ജിന് അപേക്ഷിച്ചത് 12,810 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽനിന്നാണ്. രണ്ടാമത് കോഴിക്കോടാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് അപേക്ഷകർ കുറവ്. 2020ലും 2021ലും കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം 6392 പേർ അപേക്ഷിച്ചിരുന്നു. 2020ൽ 26,060 പേരും. ഇക്കുറി ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപേക്ഷകർ കേരളത്തിൽനിന്നാണ്. ഒന്നാമതുള്ള മലപ്പുറം ജില്ലയിൽനിന്ന് 4036 പേരാണ് അപേക്ഷിച്ചത്. കോഴിക്കോട് - 2740, കണ്ണൂർ - 1437, കാസർകോട് - 656, വയനാട് - 260, പാലക്കാട് - 659, തൃശൂർ - 541, എറണാകുളം - 1240, ഇടുക്കി - 98, കോട്ടയം - 137, ആലപ്പുഴ - 210, പത്തനംതിട്ട - 54, കൊല്ലം - 381, തിരുവനന്തപുരം - 387 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകർ.
മൊത്തം അപേക്ഷകരിൽ 80 ശതമാനത്തോളം തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിൽനിന്നാണ്. 10,329 പേരാണ് ഈ ജില്ലകളിൽനിന്നുള്ളത്. 2481 പേരാണ് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകർ. അപേക്ഷകർ കൂടുതലും മലബാറിൽനിന്നാണെങ്കിലും ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിശ്ചയിച്ചത് കൊച്ചിയെയാണ്. ഈ വർഷം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കരിപ്പൂരിനെ പരിഗണിക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മാർച്ച് 10നാണ് മന്ത്രി വി. അബ്ദുറഹ്മാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കത്തയച്ചത്. കരിപ്പൂർ പരിഗണിച്ചില്ലെങ്കിൽ പകരം കണ്ണൂർ വിമാനത്താവളത്തെ പുറപ്പെടൽ കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ നടത്തുന്നത് പ്രയാസകരമാണെന്നും കത്തിൽ പറയുന്നു. ഹജ്ജ് ക്യാമ്പിനടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ളത് കരിപ്പൂരിലാണ്. നിലവിലെ സാഹചര്യത്തിൽ ഇവിടെനിന്ന് ബസ് മുഖേന കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത് തീർഥാടകർക്ക് അസൗകര്യമാണെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ നവംബറിലും വി. അബ്ദുറഹ്മാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദർശിച്ച് പുറപ്പെടൽ കേന്ദ്രം കരിപ്പൂരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. സംസ്ഥാനം 99 ശതമാനം കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിന് ഹജ്ജ് ക്വോട്ട വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.