ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ള 1561 പേർക്കുകൂടി അവസരം
text_fieldsമലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില് ഉൾപ്പെട്ട ഒന്നുമുതൽ 1561 വരെയുള്ള ക്രമനമ്പറുകാർക്കുകൂടി ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചതായി അധികൃതർ അറിയിച്ചു. റദ്ദായ അപേക്ഷകളിലെ 720 സീറ്റും ഇതര സംസ്ഥാനങ്ങളുടെ ക്വോട്ട വഴി ലഭിച്ച 841 സീറ്റും ഉൾപ്പെടെയാണ് 1561 പേർക്ക് പുതുതായി അവസരം ലഭിച്ചത്. ഇനിയും ഒന്നോ രണ്ടോ അലോട്ട്മെന്റുകൾ കൂടി ലഭിക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഹജ്ജ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 17,703 പേർക്ക് ഹജ്ജിന് അവസരം ഉറപ്പായി. മറ്റ് അലോട്ട്മെന്റുകൾകൂടി ലഭിച്ചാൽ ഏതാണ്ട് 20,000 പേർക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
10നകം പണമടക്കണം
വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും രണ്ടാം ഗഡു തുകയും ഉൾപ്പെടെ ഒരാൾക്ക് 2,51,800 രൂപ വീതം ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ബ്രാഞ്ചിൽ മാർച്ച് 10നകം അടക്കണം. ഹജ്ജിന് ആകെ അടക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിക്കും.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1,70,000 രൂപ മാർച്ച് 10നകം അടക്കണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ പണമടച്ച പേ-ഇൻ സ്ലിപ്, പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ (വെളുത്ത ബാക്ക് ഗ്രൗണ്ടുള്ളത്, ഫോട്ടോ പാസ്പോർട്ടിന്റെ പുറംചട്ടയിൽ സെല്ലോടാപ് ഉപയോഗിച്ച് പതിക്കണം), നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ അനുവദിച്ചത്), ഹജ്ജ് അപേക്ഷ ഫോറവും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം) എന്നിവ മാർച്ച് 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ കോഴിക്കോട് പുതിയറയിലെ റീജനൽ ഓഫിസിലോ സമർപ്പിക്കണം.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ അവസരം നഷ്ടമാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ മുൻഗണനക്രമത്തിൽ പരിഗണിക്കുന്നതുമാണ്.
എൻ.ആർ.ഐ അപേക്ഷകർക്ക് പാസ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെങ്കിൽ സമയം നീട്ടിക്കിട്ടുന്നതിനുള്ള അപേക്ഷ പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വർക്ക് /റെസിഡന്റ്സ് വിസയുടെ പകർപ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത് തുടങ്ങിയവ സഹിതം സമർപ്പിക്കണം.
ഇത്തരം എൻ.ആർ.ഐ അപേക്ഷകർക്ക് പാസ്പോർട്ട് സമർപ്പിക്കുന്നതിന് മാത്രം ലഭിക്കുന്ന പരമാവധി സമയം അറബിമാസം ശവ്വാൽ 15 (ഏകദേശം 2024 ഏപ്രിൽ 24) ആണ്.
മറ്റു രേഖകൾ 2024 മാർച്ച് 10നകംതന്നെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ല ട്രെയ്നിങ് ഓർഗനൈസർമാരുമായോ മണ്ഡലം ട്രെയ്നിങ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാം.
ഫോൺ: 0483-2710717. വെബ്സൈറ്റ്: https://hajcommittee.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.