ഹജ്ജ്: പണം അടക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
text_fieldsകൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം ഹജ്ജിന് അവസരം ലഭിച്ചവർക്ക് പണം അടക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. എസ്.ബി.െഎ, യൂനിയൻ ബാങ്ക് ശാഖകൾ വഴിയാണ് പണമടക്കേണ്ടത്. അസീസിയ കാറ്റഗറിയിൽ പുറപ്പെടുന്ന തീർഥാടകൻ ഇത്തവണ 2,01,750 രൂപയും ഗ്രീൻ കാറ്റഗറി തെരഞ്ഞെടുത്തവർ 2,35,150 രൂപയുമാണ് അടക്കേണ്ടത്. ആദ്യഗഡുവായി 81,000 രൂപ നേരേത്തതന്നെ അടച്ചിരുന്നു. ആഗസ്റ്റ് 13 മുതൽ 26 വരെയാണ് ഇൗ വർഷത്തെ സർവിസ്. നെടുമ്പാശ്ശേരിയിൽനിന്ന് സൗദി എയർലൈൻസാണ് സർവിസ് നടത്തുക. ആഗസ്റ്റ് 12 മുതൽ ഹജ്ജ് ക്യാമ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിൻറനൻസ് ഹാങ്ങറിൽ തുടക്കമാകും. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാല് വരെയാണ് മടക്കയാത്ര.
സർക്കാർ ക്വോട്ടയിൽ ഉപരാഷ്ട്രപതിക്കനുവദിച്ച സീറ്റുകളിൽ അവസരം ലഭിച്ച 10 പേരുടെ പട്ടിക കൂടി ശനിയാഴ്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ല. നേരേത്ത പ്രസിദ്ധീകരിച്ച 67 പേരിൽ രണ്ട് മലയാളികൾ ഉൾപ്പെട്ടിരുന്നു.
മൂന്നാംഘട്ട പരിശീലന ക്ലാസ് 20 മുതൽ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗവർഷം ഹജ്ജിന് പോകുന്നവർക്കുള്ള അവസാനഘട്ട പരിശീലനം ജൂലൈ 20 മുതൽ ആരംഭിക്കും. ജൂലൈ 30 വരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലാണ് പരിശീലന ക്ലാസുകൾ. ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം 20ന് കണ്ണൂർ തളിപ്പറമ്പിൽ നടക്കും. ക്ലാസിൽ തീർഥാടകർക്ക് യാത്രക്ക് മുന്നോടിയായുള്ള നിർദേശങ്ങൾ നൽകും. ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിന് ജില്ല മെഡിക്കൽ ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതാത് ജില്ലതലത്തിൽ പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള ക്യാമ്പുകൾ സംഘടിപ്പിക്കും. മലപ്പുറത്ത് 10, 11, 12 തീയതികളിൽ വിവിധ സ്ഥലങ്ങളിലായിട്ടാണ് പ്രതിരോധകുത്തിവെപ്പ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.