ഹജ്ജ്: യാത്രചെലവ് രണ്ട് ലക്ഷത്തിന് മുകളിൽ
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട തീർഥാടകരുടെ യാത്രചെലവ് ഇത്തവണ രണ്ട് ലക്ഷം രൂപക്ക് മുകളിൽ. കൂടുതൽ തീർഥാടകരുള്ള അസീസിയ കാറ്റഗറിയിൽ യാത്രചെലവ് രണ്ട് ലക്ഷത്തിന് മുകളിലെത്തുന്നത് ആദ്യമായിട്ടാണ്. 18,000 രൂപയുടെ വർധനവാണ് ഇൗവർഷം യാത്രചെലവിൽ ഒറ്റയടിക്ക് വന്നിരിക്കുന്നത്.
കഴിഞ്ഞവർഷം 3,200 രൂപയാണ് വർധിച്ചിരുന്നത്. അസീസിയ കാറ്റഗറിയിൽ പുറപ്പെടുന്ന തീർഥാടകൻ ഇത്തവണ 2,01,750 രൂപയാണ് അടക്കേണ്ടത്. ഇൗ വിഭാഗത്തിൽ 2016ൽ 1,83,300 രൂപയും 2015ൽ 1,80,100 രൂപയുമായിരുന്നു. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,20,750 രൂപ ഇത്തവണ അടക്കണം. ഗ്രീൻ കാറ്റഗറിയിലും സമാനരീതിയിലുള്ള വർധനവാണ്. ഇൗ വിഭാഗത്തിൽ ഇത്തവണ 2,35,150 രൂപയാണ് അവസരം ലഭിച്ചവർ അടക്കേണ്ടത്. 2016ൽ ഇത് 2,17,150 രൂപയും 2015ൽ 2,12,850 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഗ്രീൻ കാറ്റഗറിയിൽ ഇത്തവണ 18,450 രൂപയുടെ വർധനവാണ്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,54,150 രൂപ ഗ്രീൻ കാറ്റഗറിക്കാർ ഇനി അടക്കണം. വിമാന ടിക്കറ്റ് നിരക്കിലെ വർധനവും സബ്സിഡി തുക കുറച്ചുവരുന്നതുമാണ് യാത്രചെലവ് വർധിക്കാൻ കാരണം. ഇത്തവണ 65,625 രൂപയാണ് വിമാന ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
രണ്ടാം ഗഡു ജൂൺ 19നകം അടക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട തീർഥാടകർ രണ്ടാം ഗഡു ജൂൺ 19ന് മുമ്പായി അടക്കണമെന്ന് അസി. സെക്രട്ടറി അറിയിച്ചു. ഗ്രീൻ കാറ്റഗറിക്കാർ 1,54,150 രൂപയും അസീസിയ കാറ്റഗറിക്കാർ 1,20,750 രൂപയുമാണ് അടക്കേണ്ടത്. ഒന്നാം ഗഡുവായി 81,000 രൂപയാണ് അടച്ചത്. അപേക്ഷഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 8000 രൂപ കൂടുതൽ അടക്കണം. മുഴുവൻ വിമാനക്കൂലിയും അടക്കേണ്ടവർ (റീപ്പിറ്റർ) കൂടുതലായി 10,750 രൂപ കൂടി അടക്കണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 11,850 രൂപയാണ് അടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.