ഹജ്ജ് അപേക്ഷ ഫോറം കലക്ടറേറ്റുകളിൽ ലഭിക്കും
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിനുള്ള അപേക്ഷ ഫോറം കലക്ടറേറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരണം തുടങ്ങി ഒരാഴ്ചക്ക് ശേഷമാണ് അപേക്ഷ ഫോറം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച 6,000 ഫോറങ്ങൾ വിവിധ കലക്ടറേറ്റുകളിലേക്ക് ബുധനാഴ്ച കൊറിയർ വഴി അയച്ചു.
ഇത്തവണ ഒാൺലൈൻ മുഖേന മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് അപേക്ഷ ഫോറങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ െവബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന നിർദേശവും വന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് മുംബൈയിൽനിന്ന് അച്ചടിച്ച അപേക്ഷ േഫാറം കരിപ്പൂർ ഹജ്ജ് ഹൗസിൽ എത്തിയത്. അപേക്ഷിക്കുന്നവർക്ക് 2019 ഫെബ്രുവരി 14 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമാണെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
തിരക്ക് കുറഞ്ഞ് ഹജ്ജ് ഹൗസ്
കൊണ്ടോട്ടി: അഞ്ചാംവർഷ അപേക്ഷകരെ നറുക്കെടുപ്പില്ലാതെ ഹജ്ജിന് തെരഞ്ഞെടുക്കുന്നത് നിർത്തിയതോടെ കരിപ്പൂർ ഹജ്ജ് ഹൗസിൽ അപേക്ഷ സമർപ്പണത്തിന് തിരക്ക് കുറഞ്ഞു. അപേക്ഷ സ്വീകരിക്കൽ ആരംഭിച്ച് ഒരാഴ്ച പിന്നിടുേമ്പാൾ 3,500ഒാളം അപേക്ഷകൾ മാത്രമാണ് ഹജ്ജ് ഹൗസിൽ ലഭിച്ചത്. മുൻവർഷങ്ങളിൽ ആദ്യ ആഴ്ചയിൽ തന്നെ അപേക്ഷകൾ 5,000 കടക്കുമായിരുന്നു. കഴിഞ്ഞ വർഷം 95,236 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.
2016ൽ 76,417 അപേക്ഷകളും ലഭിച്ചിരുന്നു. ഇത്തവണ 70 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് നേരിട്ട് അവസരം ലഭിക്കുക. ഇവർ മാത്രം നേരിട്ട് ഹജ്ജ് ഹൗസിലെത്തി അപേക്ഷ സമർപ്പിച്ചാൽ മതി. മുൻവർഷങ്ങളിൽ അഞ്ചാം വർഷക്കാരും നേരിട്ട് നൽകേണ്ടിയിരുന്നു. തുടർച്ചയായി അഞ്ച് വർഷം അപേക്ഷിക്കുന്നതോടെ നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേരത്തെ പലരും അപേക്ഷിച്ചിരുന്നത്. എന്നാൽ, 2018 മുതൽ എല്ലാ അപേക്ഷകളും ഒന്നിച്ച് പരിഗണിക്കുകയും 70 വയസ്സിന് മുകളിലുള്ളവരെ നേരിട്ട് തെരഞ്ഞെടുത്ത ശേഷം അവശേഷിക്കുന്ന സീറ്റുകളിൽ നറുക്കെടുപ്പ് നടത്തുകയുമാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.