ഹജ്ജ്: അവസരം ലഭിച്ച പ്രവാസികൾ ആശങ്കയിൽ
text_fieldsകോഴിക്കോട്: ഇൗ വർഷത്തെ നറുക്കെടുപ്പിൽ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികൾ ആശങ്കയിൽ. പാസ്പോർട്ടും രേഖകളും സമർപ്പിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി ന്യായമായ സമയം അനുവദിക്കാത്തതാണ് കാരണം. ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട പ്രവാസികൾ ഏപ്രിൽ 15നകം പാസ്പോർട്ട് സമർപ്പിച്ചിരിക്കണം. കഴിഞ്ഞ വർഷം ജൂലൈ അഞ്ചു വരെ സമയം നൽകിയിരുന്നു. അതിനാൽ, പ്രവാസികൾക്ക് നാട്ടിൽ വന്ന് ബന്ധുക്കളെയും കൂട്ടി തീർഥാടനത്തിന് പോയി തിരിച്ചെത്താനും വീണ്ടും വിദേശത്തേക്ക് പോകാനും പ്രയാസമുണ്ടായിരുന്നില്ല.
ആഗസ്റ്റ് 22നാകും ഹജ്ജ് കർമം. തിരിച്ചെത്താൻ സെപ്റ്റംബർ അവസാനവാരമാകും. ഏപ്രിൽ 15ന് മുമ്പ് നാട്ടിലെത്തി ഹജ്ജ് കമ്മിറ്റിക്ക് പാസ്പോർട്ട് സമർപ്പിക്കുന്ന പ്രവാസിക്ക് ഇത്രയുംകാലം നാട്ടിൽ തങ്ങുക പ്രയാസമാകും. മാത്രവുമല്ല, ഏത് വിസക്കും ആറു മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങാനുള്ള അവസരമുണ്ടാകില്ല. അതുകൊണ്ടുതന്നെ പലർക്കും ഹജ്ജ് യാത്ര റദ്ദു ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്യുേമ്പാൾ ഇവരുടെ ഹജ്ജ് യാത്രക്കൊപ്പം കൂടെയുള്ളവരുടെയും യാത്ര മുടങ്ങുകയായിരിക്കും ഫലം.
നാട്ടിലെത്തി ബന്ധുക്കളെ ഒപ്പം കൂട്ടി ഹജ്ജിന് പോകാനാണ് മിക്കവരും അപേക്ഷ നൽകിയിട്ടുള്ളത്. പ്രവാസി ഹാജിമാരുടെ പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വിദേശകാര്യ വകുപ്പിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും അഭ്യർഥിച്ചിട്ടുണ്ട്. ഇൗ വർഷം സെലക്ഷൻ കിട്ടിയ മറ്റു തീർഥാടകരോടും കർക്കശ നിലപാടാണ് കേന്ദ്ര സർക്കാറും ഹജ്ജ് കമ്മിറ്റിയും സ്വീകരിച്ചിട്ടുള്ളത്. പണമടക്കാൻ ഒരാഴ്ച പോലും സമയം നൽകിയില്ല.
ജനുവരി 23നാണ് നറുക്കെടുപ്പ് നടന്നതെങ്കിലും ജനുവരി 31നകം പാസ്പോർട്ടും 81,000 രൂപയുടെ ഡ്രാഫ്റ്റും മറ്റു രേഖകളും സമർപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനവും നാലാം ശനിയും ഞായറും ആയതിനാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധിയായിരുന്നു. അവശേഷിക്കുന്നത് രണ്ടു ദിനങ്ങൾ മാത്രമാണ്. മുൻ വർഷങ്ങളിലൊക്കെ നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയെങ്കിലും രേഖകളും പണവുമടക്കാൻ സമയം നൽകിയിരുന്നു.
ഇപ്രാവശ്യം, തുടർച്ചയായി അഞ്ചാം തവണ അപേക്ഷിച്ചവർക്ക് സംവരണം നൽകാത്ത കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഹജ്ജ് അപേക്ഷകരും സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹരജിയിൽ വിധി വരുന്നതിന് മുേമ്പ നടപടികൾ പൂർത്തിയാക്കണമെന്ന വാശികൊണ്ടാവാം കേന്ദ്രം സമയം വെട്ടിക്കുറച്ചതെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽനിന്ന് ഇൗ വർഷം 10,981 അപേക്ഷകർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇവരിൽ 1270 പേർ 70 വയസ്സ് കഴിഞ്ഞവരുടെ േക്വാട്ടയിലും 1124 പേർ മഹ്റമില്ലാത്ത (ആൺതുണയില്ലാത്ത) സ്ത്രീകളുടെ േക്വാട്ടയിലുമാണ്.
ആദ്യഗഡു അടക്കൽ 12വരെ നീട്ടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി. ആദ്യഗഡുവായ 81,000 രൂപ അടക്കുന്നതിനുള്ള സമയം ഫെബ്രുവരി 12 വരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടിയത്. നേരത്തെ, ജനുവരി 31 ആയിരുന്നു അവസാന തീയതി. ഇക്കുറി കേരളത്തിൽനിന്ന് 10,981 പേർക്കാണ് അവസരം കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.