ഹജ്ജ് തീർഥാടകരുടെ രണ്ടാംഘട്ട യാത്ര തുടങ്ങി; സൗദി എയർലൈൻസിെൻറ 29 സർവിസുകൾ
text_fieldsനെടുമ്പാശ്ശേരി: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിെല ഹജ്ജ് തീർഥാടകരുടെ രണ്ടാംഘട്ട യാത്ര തുടങ്ങി. 20 എംബാർക്കേഷൻ പോയൻറിൽനിന്ന് രണ്ടുഘട്ടമായാണ് യാത്ര ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ഒമ്പതും രണ്ടാംഘട്ടത്തിൽ 11ഉം എംബാർക്കേഷൻ പോയൻറുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഡൽഹി, ഗയ, ഗുവാഹതി, ലഖ്നോ, ശ്രീനഗർ, കൊൽക്കത്ത, വാരാണസി, മംഗളൂരു, ഗോവ വിമാനത്താവളങ്ങൾ ഉൾപ്പെട്ട ആദ്യഘട്ടം ഇൗ മാസം 18ന് ആരംഭിച്ച് 28ന് അവസാനിച്ചു.
കൊച്ചി ഉൾപ്പെടെ വിമാനത്താവളങ്ങൾ രണ്ടാംഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ചെന്നൈ, മുംബൈ, നാഗ്പുർ, ഔറംഗാബാദ് വിമാനത്താവളങ്ങളിൽനിന്നാണ് രണ്ടാംഘട്ട യാത്രക്ക് ഞായറാഴ്ച തുടക്കമായത്. റാഞ്ചിയിൽനിന്ന് തിങ്കളാഴ്ചയും കൊച്ചി, ബംഗളൂരു, അഹ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ വിമാനത്താവളങ്ങളിൽനിന്ന് ആഗസ്റ്റ് ഒന്നിനുമാണ് യാത്ര ആരംഭിക്കുന്നത്. ഭോപാലിൽനിന്നുള്ള ഏക വിമാനം രണ്ടാംഘട്ടം അവസാനിക്കുന്ന ആഗസ്റ്റ് അഞ്ചിന് പുറപ്പെടും. ആദ്യഘട്ടത്തിൽ യാത്ര തിരിച്ച തീർഥാടകർ മദീന വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
മദീനയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചശേഷം ഭൂരിഭാഗം തീർഥാടകരും മക്കയിൽ എത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ പുറപ്പെടുന്നവർ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക. ഹജ്ജ് കർമത്തിനുശേഷമാണ് ഇവരുടെ മദീന യാത്ര.
സൗദി എയർലൈൻസിെൻറ 29 സർവിസുകൾ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർഥാടകർക്ക് നെടുമ്പാശ്ശേരിയിൽനിന്ന് യാത്രയാകാൻ സൗദി എയർലൈൻസ് ചാർട്ട് ചെയ്തത് 29 സർവിസുകൾ. കേരളത്തിൽനിന്ന് 11,272 ഉം ലക്ഷദ്വീപിൽനിന്ന് 276ഉം പേരും മാഹിയിൽനിന്ന് 147 ഉം ഉൾപ്പെടെ 12,145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പോകുന്നത്. 410 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. നിലവിലെ ഷെഡ്യൂൾ പ്രകാരം 11,890 പേർക്കാണ് യാത്ര ചെയ്യാൻ കഴിയുക.
അധികമുള്ള 255 പേർക്ക് ഒരു വിമാനം കൂടി അനുവദിക്കും. സൗദി എയർലൈൻസ് ഷെഡ്യൂൾ പ്രകാരം 2,3,4,5,6,8,16 തീയതികളിൽ ഓരോ വിമാനവും 1,7,10,12,14,15 തീയതികളിൽ രണ്ട് വിമാനവും 11,13 തീയതികളിൽ മൂന്നു വിമാനവും ഒമ്പതാം തീയതി നാല് വിമാനങ്ങളുമാണ് സർവിസ് നടത്തുക. നെടുമ്പാശ്ശേരിയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനത്തിലും അവിടെനിന്നും റോഡ് മാർഗം മക്കയിലും എത്തിക്കും. സെപ്റ്റംബർ 12 മുതൽ 25 വരെ മദീന വിമാനത്താവളത്തിൽനിന്നാണ് മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.