ഹജ്ജ്: കേരളത്തിൽനിന്ന് 14,590 പേർ
text_fieldsന്യൂഡൽഹി: 2025ലെ സർക്കാർ ഹജ്ജ് ക്വാട്ടയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. യോഗ്യരായ 1,51,981 അപേക്ഷകരിൽനിന്ന് 1,22,518 പേരെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. 2025ലെ ഹജ്ജിന് കേരളത്തിൽനിന്ന് അപേക്ഷിച്ച 20,636 പേരിൽ 14,590 പേർക്ക് അവസരം ലഭിച്ചു. 6,046 പേർ വെയ്റ്റിങ് ലിസ്റ്റിലാണ്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് ഗുജറാത്തിൽനിന്നാണ്- 24, 484 പേർ. ഏറ്റവും കുറവ് ദാമൻ ദിയൂവിൽനിന്ന്- 27 പേർ.
65 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ 14,728 പേരെയും തനിച്ച് പോകുന്ന സ്ത്രീകളുടെ വിഭാഗത്തിൽ 3717 പേരെയും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായ 1,30,300 രൂപ ഒക്ടോബർ 25ന് മുമ്പ് എസ്.ബി.ഐ അല്ലെങ്കിൽ യൂനിയൻ ബാങ്ക് മുഖേന അടക്കണം. 12 സംസ്ഥാനങ്ങളിൽനിന്ന് ജനസംഖ്യാനുപാതികമായി നിശ്ചയിച്ച ക്വോട്ടയിൽനിന്ന് കുറവായിരുന്നു അപേക്ഷകർ. ഈ സീറ്റുകൾ അധികം അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകി.
150 ഹാജിമാർക്ക് ഒരു ഉദ്യോഗസ്ഥൻ വെച്ച് 817 പേരെ ഖാദിമുൽ ഹുജ്ജാജ് (സേവകർ)മാരായും തെരഞ്ഞെടുത്തു. ആർ.കെ പുരത്തെ ഹജ്ജ് കമ്മിറ്റി ഓഫിസിൽ നടന്ന നറുക്കെടുപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.