ഹജ്ജ്: അപേക്ഷകരുടെ പാസ്പോർട്ടുകൾ ആഗസ്റ്റ് മുതൽ അയക്കും
text_fieldsകരിപ്പൂർ: 2020ലെ ഹജ്ജിന് അപേക്ഷിച്ച്, കോവിഡ് പശ്ചാത്തലത്തിൽ യാത്ര മുടങ്ങിയ ഹാജിമാരുടെ പാസ്പോർട്ടുകൾ തിരിച്ചുനൽകാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടപടി തുടങ്ങി. ഓരോ കവറിലെയും മുഖ്യ അപേക്ഷകെൻറ പേരിൽ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡ് സംവിധാനത്തിൽ വീട്ടിലേക്ക് എത്തിക്കാനാണ് തീരുമാനം. പാസ്പോർട്ടുകൾ അയക്കുന്നതിനനുസരിച്ച് വിവരം ബന്ധപ്പെട്ടവരെ അറിയിക്കും.
അടച്ച തുക 2,01,000 രൂപ മുഖ്യ അപേക്ഷകെൻറ (കവർ ഹെഡ്) ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ച് വരികയാണ്. ഒരു മാസത്തിനകം എല്ലാവർക്കും പണം ലഭിക്കും. ഏതാനും കവറുകളിലെ അക്കൗണ്ട് വിവരങ്ങൾ വ്യക്തത വരുത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അവർ വിളിക്കുന്ന സമയത്ത് കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. കോവിഡ് കാരണം ഈ വർഷത്തെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ അറഫാ ദിനത്തിൽ വ്രതമെടുക്കാനും പ്രാർഥന നടത്താനും ഹജ്ജ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി.കെ. അഹമ്മദ്, മുസ്ലിയാർ സജീർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, എച്ച്. മുസമ്മിൽ ഹാജി, അബ്ദുറഹ്മാൻ എന്ന ഇണ്ണി, എൽ. സുലൈഖ, വി.ടി അബ്ദുല്ല കോയ തങ്ങൾ, ഖാസിം കോയ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.