കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷനാക്കാന്‍ ശ്രമിക്കും –ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
text_fieldsകോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേരളത്തിന്‍െറ ഹജ്ജ് എംബാര്‍ക്കേഷനായി സ്ഥിരപ്പെടുത്തുന്നതിന് കൂട്ടായി യത്നിക്കുമെന്ന് പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി. സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരില്‍ 85 ശതമാനവും മലബാറില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഹജ്ജ് വിമാന സര്‍വിസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുതന്നെയാവണം. ചെയര്‍മാനെന്ന നിലക്ക് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തിക്കുക ഇതിനുവേണ്ടിയായിരിക്കുമെന്നും മൗലവി ‘മാധ്യമ’ത്തോടു പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഐകകണ്ഠ്യേനയാണ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ അറ്റകുറ്റപ്പണി ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, വിദേശകാര്യ മന്ത്രാലയം നെടുമ്പാശ്ശേരിയില്‍നിന്നുതന്നെയാണ് അടുത്തതവണയും ഹജ്ജ് വിമാനം എന്നാണ് പറയുന്നത്. ഇത് കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന ഹജ്ജ് തീര്‍ഥാടകരോടുള്ള അനീതിയാവും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനം സര്‍വിസ് നടത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചെറിയ വിമാനം ഹജ്ജ് സര്‍വിസ് നടത്തുകയാണ് വേണ്ടത്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറയും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റിയുടെയും കണ്ണുതുറപ്പിക്കുന്നതിന് ജനകീയ കൂട്ടായ്മ രൂപപ്പെടുത്തുമെന്നും തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി പറഞ്ഞു.
കരിപ്പൂരിലെ ഹജ്ജ് ഹൗസ് ഹജ്ജ് കാര്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കി പുന$ക്രമീകരിക്കും.കേരളത്തില്‍നിന്ന് ഹജ്ജിനുപോയ ഓരോ തീര്‍ഥാടകന്‍െറയും വിഹിതവും സുമനസ്സുകളുടെ ഉദാര സംഭാവനകൊണ്ടുമാണ് ഹജ്ജ് ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിന്‍െറ ലക്ഷ്യം നിറവേറ്റാന്‍ പരമാവധി പരിശ്രമിക്കും. കേരളത്തില്‍നിന്നുള്ള ഹജ്ജ് ക്വോട്ട വര്‍ധിപ്പിച്ചുകിട്ടാന്‍ കൂട്ടായ യത്നം ആവശ്യമാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകര്‍ കേരളത്തില്‍നിന്നാണെങ്കിലും ഹജ്ജിന് അവസരം കിട്ടുന്നവരില്‍ കേരളം ഏറെ പിറകിലാണ്. ഹജ്ജ് ക്വോട്ട അപേക്ഷകരുടെ അനുപാതമനുസരിച്ച് വേണമെന്ന് കേരളത്തിന്‍െറ ഏറെക്കാലത്തെ ആവശ്യമാണ്.
ഹജ്ജ് വിമാന ചാര്‍ജ് സബ്സിഡിയുടെ കാര്യത്തില്‍ വലിയ വിവാദം നിലനില്‍ക്കുകയാണിപ്പോഴും. ഹജ്ജിന് കഴുത്തറപ്പന്‍ ചാര്‍ജിനു പകരം മാന്യമായ ചാര്‍ജ് ഈടാക്കുകയാണ് ഇതിന് പ്രതിവിധി. സബ്സിഡിയുടെ പേരില്‍ മുസ്ലിം സമുദായം പഴികേള്‍ക്കേണ്ടിവരുന്നുണ്ട്. ഇതിനു പരിഹാരമായി നഷ്ടലാഭമില്ലാതെ ഹജ്ജ് വിമാനസര്‍വിസ് ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.