കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം; മന്ത്രിതലസംഘം കേന്ദ്രമന്ത്രിയെ കാണും
text_fieldsതിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, ചെയർമാൻ സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൈകാതെ ആവശ്യമുന്നയിച്ച് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെ കാണും.
കരിപ്പൂർ വിമാനത്താവളത്തിൽ 2020 ആഗസ്റ്റിലുണ്ടായ വിമാനാപകടത്തിെൻറ പേരിലാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം ഒഴിവാക്കിയതെന്നാണ് ആക്ഷേപം. പൈലറ്റിെൻറ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ട് വന്നിട്ടും പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് കരിപ്പൂരിനെ ഒഴിവാക്കുകയായിരുന്നു. കേരളത്തിൽനിന്നുള്ള തീർഥാടകരിൽ 80 ശതമാനവും മലബാറിൽനിന്നുള്ളവരാണെന്നും ഇൗ സാഹചര്യത്തിൽ കരിപ്പൂരിൽനിന്നുള്ള പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിൽ കേരളത്തിൽനിന്നുള്ള പുറപ്പെടൽ കേന്ദ്രമായി നിശ്ചയിച്ച നെടുമ്പാശ്ശേരിയിൽ ഹജ്ജ് ക്യാമ്പിന് മതിയായ സൗകര്യമില്ലാത്തതും മലബാറിൽനിന്നുള്ള തീർഥാടകരുടെ അസൗകര്യവും കേന്ദ്രസർക്കാറിനെ അറിയിക്കും. കരിപ്പൂർ ഹജ്ജ് ഹൗസിൽ പൂർത്തിയായ സ്ത്രീകൾക്കായുള്ള കെട്ടിടത്തിെൻറ ഉദ്ഘാടനം വൈകാതെ നടത്താനും തീരുമാനിച്ചു. അടുത്ത വർഷത്തെ ഹജ്ജിനുള്ള അേപക്ഷ സമർപ്പണ നടപടികളും യോഗം ചർച്ച ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ, ചെയർമാൻ മുഹമ്മദ് ഫൈസി എന്നിവർക്ക് പുറമെ അംഗങ്ങളായ പി.വി അബ്ദുല്‍ വഹാബ് എം.പി, പി.ടി.എ. റഹീം എം.എല്‍.എ, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, സഫര്‍ കായല്‍, പി.ടി. അക്ബര്‍, പി.പി. മുഹമ്മദ് റാഫി, ഉമര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന് കുട്ടി, കെ.പി. സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.എം. മുഹമ്മദ് കാസിം കോയ, ഐ.പി. അബ്ദുസലാം, ഡോ. പി.എ. സൈദ് മുഹമ്മദ്, വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, മലപ്പുറം കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.