ഹജ്ജ് കരട് നയം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൽ; അംഗീകാരം നീളുന്നു
text_fieldsകരിപ്പൂർ: പുതിയ ഹജ്ജ് നയത്തിന്റെ കരട് തയാറായി മൂന്നാഴ്ച പിന്നിട്ടിട്ടും അംഗീകാരം നീളുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ഹജ്ജ് നയത്തിന് അംഗീകാരം നൽകേണ്ടത്. ഈ മാസം രണ്ടിനുതന്നെ കരട് നയം തയാറാകുകയും സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കൈമാറി അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹജ്ജ് കമ്മിറ്റികൾ അഭിപ്രായം അറിയിച്ചതിനെത്തുടർന്ന് അന്തിമ അനുമതിക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കരട് നയം കൈമാറിയെങ്കിലും അംഗീകാരത്തിന് കാത്തിരിക്കുകയാണ്.
കരട് നയത്തിന് അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ വർഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കാൻ സാധിക്കൂ. നിലവിെല ഹജ്ജ് നയത്തിന്റെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. അഞ്ച് വർഷത്തേക്കാണ് നയം തയാറാക്കുന്നത്. ഇക്കുറി ഹജ്ജ് നയം തയാറാക്കാനുള്ള നടപടി വൈകിയതാണ് തിരിച്ചടിയായത്. 2022ലെ ഹജ്ജിന് 2021 നവംബർ ഒന്നുമുതൽ ജനുവരി 31 വരെയായിരുന്നു അപേക്ഷ സ്വീകരിച്ചത്.
ഹജ്ജ് നയം തയാറാക്കുന്നതിൽ വന്ന കാലതാമസം നടപടികളെ മൊത്തത്തിൽ ബാധിച്ചിരിക്കുകയാണ്. ഹജ്ജ് അപേക്ഷ നൽകാൻ കാത്തിരിക്കുന്നവരും ആശങ്കയിലാണ്. ഈ മാസം ആദ്യ ആഴ്ച അപേക്ഷ സ്വീകരിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രമം. എന്നാൽ, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അംഗീകാരം വൈകിയത് തിരിച്ചടിയായെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.