കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാക്കൂലി കുറയുമെന്ന് മന്ത്രി അബ്ദുറഹിമാൻ; 'കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും ഉറപ്പ് ലഭിച്ചു'
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് കർമ്മത്തിന് പോകുന്ന തീർഥാടകരിൽ നിന്നും എയർ ഇന്ത്യ ഈടാക്കാൻ നിശ്ചയിച്ച ടിക്കറ്റ് നിരക്കിൽ ഇളവ് വരുമെന്ന് ന്യൂനപക്ഷക്ഷേമ, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കണ്ണൂർ, കൊച്ചി എയർപോർട്ടുകളിൽ നിന്നും വ്യത്യസ്തമായി 75,000ത്തോളം രൂപ അധികമായിരുന്നു കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്ക്.
ഇത് സംബന്ധിച്ച് കേരള ഗവൺമെന്റിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കാര്യമറിയാതെ പ്രതികരിക്കുകയാണുണ്ടായത്. കേന്ദ്ര സർക്കാരാണ് വിമാനക്കമ്പനികളിൽ നിന്നും ടെണ്ടർ ക്ഷണിക്കുന്നത്. കരിപ്പൂരിൽ ഒരു വിമാനക്കമ്പനി മാത്രം ടെണ്ടറിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരിന്റെ കുഴപ്പമാണെന്ന കണ്ടെത്തൽ രാഷ്ട്രീയലക്ഷ്യം മാത്രം വെച്ചുള്ളതാണ്.
കോഴിക്കോട് നിന്നും നിരക്ക് വർധിപ്പിച്ചതിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെങ്കിൽ കണ്ണൂരിലും കൊച്ചിയിലും മുൻ വർഷത്തേതിൽ നിന്നും നിരക്ക് കുറഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഇടപെടലാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അംഗീകരിക്കുമോയെന്ന് മന്ത്രി ചോദിച്ചു. ഒരു കാര്യത്തിലും കേന്ദ്ര സർക്കാരിനെ വിമർശിക്കരുതെന്ന നിർബന്ധം എന്തുകൊണ്ടാണ് മുസ്ലീം ലീഗിന് ഉണ്ടാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ തള്ളണമെന്നും മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.