ഹജ്ജ്: കരിപ്പൂരിൽനിന്ന് യാത്രാനിരക്ക് കഴിഞ്ഞ വർഷത്തേതിലേക്ക് താഴും; ഇപ്പോഴും കൊച്ചി, കണ്ണൂർ എന്നിവിടത്തേക്കാൾ 30,000 രൂപ കൂടുതൽ
text_fieldsമലപ്പുറം: പ്രതിഷേധങ്ങൾക്കൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും. കഴിഞ്ഞ വർഷത്തെ നിരക്കിലേക്കാണ് എത്തുക. നിലവിൽ 1,977 ഡോളറാണ് കരിപ്പൂരിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് സമർപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം 1.64 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ഇതിൽ 500 ഡോളറിന്റെ കുറവ് വരുത്താൻ നടപടി എടുക്കുന്നതായി മന്ത്രി സ്മൃതി ഇറാനിയുടെ ഓഫിസിൽനിന്ന് അറിയിച്ചതായി എം.പി. അബ്ദുസമദ് സമദാനി എം.പി അറിയിച്ചു.
ഇതോടെ, കരിപ്പൂരിൽനിന്നുള്ള ടിക്കറ്റ് നിരക്ക് 1.22 ലക്ഷമായി കുറയും. കഴിഞ്ഞ വർഷം 1.20 ലക്ഷമായിരുന്നു കരിപ്പൂരിലെ നിരക്ക്. നിരക്ക് കുറക്കാൻ തയാറാണെന്ന് നേരത്തേ എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു.
അതേസമയം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഉയർന്ന നിരക്കാണ് കരിപ്പൂരിൽ. കൊച്ചിയിലും കണ്ണൂരിലും സൗദി എയർലൈൻസാണ് ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ 1,073 ഡോളറും (89,100 രൂപ), കണ്ണൂരിൽ 1,068 ഡോളറുമാണ് (88,700 രൂപ) ഇവർ നൽകിയ നിരക്ക്.
ഇത് കരിപ്പൂരിലേതിനെക്കാളും 30,000 രൂപയോളം കുറവാണ്. ഇതേ നിരക്കിന് കരിപ്പൂരിൽനിന്നും യാത്ര സാധ്യമാകണമെങ്കിൽ വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താൻ സാധിക്കണം. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകേണ്ടതുണ്ട്. സൗദിയയും ഖത്തർ എയർവേസും 2021ൽ വലിയ വിമാന സർവിസ് നടത്തുന്നതിനാവശ്യമായ നടപടി പൂർത്തീകരിച്ചിരുന്നു.
യാത്രാക്കൂലി കുറയുമെന്ന് ഉറപ്പുലഭിച്ചു -മന്ത്രി അബ്ദുറഹ്മാൻ
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന തീർഥാടകരിൽനിന്ന് എയർ ഇന്ത്യ ഈടാക്കാൻ നിശ്ചയിച്ച ടിക്കറ്റ് നിരക്കിൽ ഇളവ് വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കണ്ണൂർ, കൊച്ചി എയർപോർട്ടുകളിൽനിന്ന് വ്യത്യസ്തമായി 75,000ത്തോളം രൂപ അധികമായിരുന്നു കരിപ്പൂരിൽനിന്നുള്ള യാത്രാനിരക്ക്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാർക്ക് സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു.
നിരക്കുവർധന സംബന്ധിച്ച് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കാര്യമറിയാതെ പ്രതികരിക്കുകയാണുണ്ടായത്. കേന്ദ്ര സർക്കാറാണ് വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിക്കുന്നത്. കരിപ്പൂരിൽ ഒരു വിമാന കമ്പനി മാത്രം ടെൻഡറിൽ പങ്കെടുത്തത് സംസ്ഥാന സർക്കാറിന്റെ കുഴപ്പമാണെന്ന കണ്ടെത്തൽ രാഷ്ട്രീയലക്ഷ്യം മാത്രം വെച്ചുള്ളതാണ്.
കോഴിക്കോട്ടുനിന്നുള്ള നിരക്ക് വർധിപ്പിച്ചതിന് സംസ്ഥാന സർക്കാറാണ് ഉത്തരവാദിയെങ്കിൽ കണ്ണൂരിലും കൊച്ചിയിലും മുൻ വർഷത്തേതിൽനിന്ന് നിരക്ക് കുറഞ്ഞത് സംസ്ഥാന സർക്കാറിന്റെ ഇടപെടലാണെന്ന് അംഗീകരിക്കുമോ എന്നും മന്ത്രി ചോദിച്ചു. ഒരു കാര്യത്തിലും കേന്ദ്ര സർക്കാറിനെ വിമർശിക്കരുതെന്ന നിർബന്ധം എന്തുകൊണ്ടാണ് ലീഗിനുണ്ടാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങളെ അവഞ്ജയോടെ തള്ളണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.