ഹജ്ജ്: സർക്കാർ നടപടികൾ വൈകി, സ്വകാര്യ ഗ്രൂപ്പുകളിൽ തിരക്ക്
text_fieldsകരിപ്പൂർ: ഈ വർഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുള്ള നടപടി വൈകിയതോടെ സ്വകാര്യ ഗ്രൂപ്പുകളിൽ വൻതിരക്ക്. അപേക്ഷ ക്ഷണിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ മുമ്പില്ലാത്ത രീതിയിൽ നീണ്ടതോടെ ആശങ്കയിലായവരാണ് സ്വകാര്യ ഗ്രൂപ്പുകളെ ആശ്രയിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ഇല്ലാത്ത രീതിയിൽ ഇത്തവണ വലിയ തോതിലുള്ള ബുക്കിങ്ങാണ് ഉണ്ടായിരിക്കുന്നതെന്ന് സ്വകാര്യ ഗ്രൂപ് പ്രതിനിധികൾ പറഞ്ഞു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് സാധാരണ ഇത്ര ബുക്കിങ് ഉണ്ടാകാറില്ല. എന്നാൽ, ഇത്തവണ എല്ലായിടത്തും വലിയ തിരക്കാണ്. അനുവദിക്കപ്പെട്ട സീറ്റുകളെക്കാൾ കൂടുതൽ ആവശ്യക്കാർ എത്തിയതായും ട്രാവൽ ഗ്രൂപ്പുകൾ പറയുന്നു.
മുമ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ടയിൽ ലഭിക്കാത്തവരാണ് സ്വകാര്യ ഗ്രൂപ്പുകളെ ആശ്രയിക്കാറുള്ളത്. ഇക്കുറി നേരെ തിരിച്ചാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപടി ആരംഭിച്ചതിനുശേഷം ഇവരിൽ പലർക്കും അവസരം ലഭിക്കാനും സാധ്യതയുണ്ട്.
2019ലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നയപ്രകാരം വരുമാനത്തിന്റെയും ഹജ്ജ്, ഉംറ സർവിസുകളുടെ പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് ക്വോട്ട. 12 വർഷത്തിലേറെ പരിചയമുള്ള സ്റ്റാർ വിഭാഗത്തിന് പരമാവധി 120 സീറ്റ്, ഏഴുവർഷവും അതിലേറെ പരിചയമുള്ളവർക്ക് പരമാവധി 100 സീറ്റ്, രണ്ട് വർഷമുള്ളവർക്ക് കുറഞ്ഞത് 50 എന്നിങ്ങനെയാണ് അനുവദിക്കാറ്.
എന്നാൽ, ഇത്തവണ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ടയിലും അനിശ്ചിതത്വമുണ്ട്. പുതിയ കരട് നയത്തിലെ ശിപാർശ പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി-സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ടയുടെ അനുപാതത്തിൽ മാറ്റമുണ്ട്. നിലവിൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ്. കരട് നയത്തിൽ ഇത് 80:20 എന്ന അനുപാതത്തിൽ വിതരണം ചെയ്യണമെന്നാണ് നിർദേശം.
ഹജ്ജ് നയത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ മാത്രമേ ക്വോട്ടയുടെ കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. ഇതിനുശേഷമാണ് സ്വകാര്യ ഗ്രൂപ്പുകളുടെ സീറ്റുകൾ വ്യക്തമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.