കേരളത്തിന് അധിക സീറ്റ് 335 മാത്രം
text_fieldsമലപ്പുറം: ഹജ്ജിന് വിവിധ സംസ്ഥാനങ്ങളിൽ അപേക്ഷകരില്ലാത്തതിനാൽ ബാക്കി വന്ന സീറ്റുകൾ വീതിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 335 എണ്ണം മാത്രം. മറ്റു സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചതായും ആരോപണമുണ്ട്.
2019ൽ കേരളത്തിന് ഇതേ വിഭാഗത്തിൽ 3078 സീറ്റ് അധികമായി ലഭിച്ചിരുന്നു. പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, അസം, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് മുസ്ലിം ജനസംഖ്യ പ്രകാരം അനുവദിച്ച ക്വോട്ടകളിൽ 26,161 സീറ്റിൽ അപേക്ഷകരുണ്ടായിരുന്നില്ല. ഈ സീറ്റുകളാണ് മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകിയത്.
കേരളത്തിൽനിന്ന് ഇക്കുറി 10,331 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 2807 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം (എൽ.എം.ഡബ്ല്യു) വിഭാഗത്തിലും 1430 പേർ 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 6094 പേർ ജനറൽ വിഭാഗത്തിലുമാണ്. ബാക്കിവരുന്ന സീറ്റുകളിൽനിന്ന് ആദ്യം അനുവദിക്കുക എൽ.എം.ഡബ്ല്യു വിഭാഗത്തിനാണ്. ഇതുപ്രകാരം ഈ വിഭാഗത്തിൽ രാജ്യത്തൊട്ടാകെ 4314 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ഇതിൽ കേരളത്തിലാണ് കൂടുതൽ പേർ. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മൊത്തം 1507 പേർ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. എങ്കിലും മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ ക്വോട്ട ലഭിച്ചതായാണ് വിമർശനം ഉയർന്നിരിക്കുന്നത്.
കേരളത്തിന്റെ യഥാർഥ ക്വോട്ട 7189 ആണ്. എൽ.എം.ഡബ്ല്യു ക്വോട്ട മാറ്റിയാൽ ആകെ ലഭിച്ചത് 7524 സീറ്റാണ്. അധിക സീറ്റ് 335 മാത്രം. അതേസമയം, എൽ.എം.ഡബ്ല്യു ഉൾപ്പെടെ ഗുജറാത്തിന് 4169, മഹാരാഷ്ട്രക്ക് 4524, കർണാടകക്ക് 1555, മധ്യപ്രദേശിന് 2029, രാജസ്ഥാന് 1129, തമിഴ്നാടിന് 859, ഡൽഹിക്ക് 791 സീറ്റുകളാണ് ലഭിച്ചത്.
ബാക്കിവരുന്ന സീറ്റ് അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ചാണ് നൽകാറുള്ളത്. കേരളത്തിന് കൂടുതൽ ക്വോട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിക്ക് കത്ത് നൽകിയിട്ടുണ്ട്. അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവരുടെ സീറ്റുകൾ വീതം വെക്കുമ്പോൾ കേരളത്തിന് കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
8450 പേർ രേഖകൾ സമർപ്പിച്ചു
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ 8450 പേർ രേഖകൾ സമർപ്പിച്ചു. ഇതിനുള്ള അവസാന തീയതി ഈ മാസം 14 ആണ്. ഇതിനായി കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലും സൗകര്യം ഒരുക്കിയിരുന്നു. കൊച്ചി, കണ്ണൂർ പുറപ്പെടൽ കേന്ദങ്ങളിലും പ്രത്യേകം കൗണ്ടർ പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.