ഹജ്ജ്: കേരളത്തിൽനിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം; കേന്ദ്രമന്ത്രിക്ക് മന്ത്രി വി. അബ്ദുറഹ്മാന്റെ കത്ത്
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. ഇത്തവണ കേരളത്തിൽ നിന്ന് 10,331 പേരെയാണ് ഹജ്ജ് കർമത്തിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6,322 പേർ, കൊച്ചി -2213, കണ്ണൂർ -1796 എന്നിങ്ങനെയാണ് അനുവദിച്ചത്.
ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ് -3463 പേർ. 19,524 പേരാണ് കേരളത്തിൽനിന്ന് അപേക്ഷ നൽകിയിരുന്നത്. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽനിന്ന് 11,000ത്തിൽ കൂടുതൽ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
ഇത്തവണ കരിപ്പൂരാണ് സംസ്ഥാനത്തെ മുഖ്യ പുറപ്പെടൽ കേന്ദ്രം. ഇതനുസരിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണ്. എമ്പാർക്കേഷൻ പോയന്റുകളായ കണ്ണൂരും കൊച്ചിയിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്.
മുൻവർഷങ്ങളിൽ സംസ്ഥാനത്തിന് ഹജ്ജ് ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നെങ്കിൽ ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുനഃപരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.