ഹാജിമാർക്ക് വഴികാട്ടികളായി 600 വളൻറിയർമാർ
text_fieldsനെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് വഴികാട്ടികളായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് യാത്രയാകുന്നത് 600 വളൻറിയർമാർ. ഖാദിമുൽ ഹജ്ജാജ് എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി യാത്രയാകുന്ന ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്.
ഓരോ സംസ്ഥാനത്തെയും ഹജ്ജ് വളൻറിയർമാർക്ക് വ്യത്യസ്ത യൂനിഫോമാണ് ഈ വർഷം. കഴിഞ്ഞവർഷംവരെ ഇന്ത്യയിൽനിന്നുള്ള വളൻറിയർമാർക്ക് ഒരേ തരം യൂനിഫോമായിരുന്നു. പുതിയ രീതി ഓരോ സംസ്ഥാനത്തെയും വളൻറിയർമാരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സഹായിക്കും.
151 മുതൽ 301വരെ തീർഥാടകർക്ക് ഒരുവളൻറിയർ എന്ന നിലയിലായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ ഹജ്ജ് വളൻറിയർമാരെ െതരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് 200 തീർഥാടകർക്ക് ഒരാൾ എന്ന കണക്കിൽ 56 വളൻറിയർമാരാണുള്ളത്. വളൻറിയർമാരെ നിശ്ചയിക്കുമ്പോൾ സംസ്ഥാനത്തുനിന്ന് 11,197 പേർക്ക് മാത്രമാണ് ഹജ്ജിന് അനുമതി. ഇപ്പോഴിത് 11,355 ആയ സാഹചര്യത്തിൽ ഒരുവളൻറിയറെകൂടി ഉൾപ്പെടുത്തും.
ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പുറപ്പെടുന്ന ഉത്തർപ്രദേശിൽനിന്നാണ് കൂടുതൽ വളൻറിയർമാരുള്ളത്. യു.പിയിൽനിന്നുള്ള 29,017 ഹാജിമാർക്ക് 146 വളൻറിയർമാരാണ് മക്കയിലെത്തുക. 196 തീർഥാടകരുള്ള ഗോവയിൽനിന്ന് ഒരുവളൻറിയറെയുള്ളൂ. മലയാളിയായ മുജീബ് റഹ്മാൻ പുത്തലത്താണ് ഈ വർഷം മക്കയിൽ ഹജ്ജ് വളൻറിയർമാർക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ടുവർഷവും കേരളത്തിൽനിന്നുള്ള വളൻറിയർമാരെ വിജയകരമായി നയിച്ച ഇദ്ദേഹം അഞ്ചുവർഷം സംസ്ഥാന ഹജ്ജ് കോഓഡിനേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.