ഹജ്ജ് അപേക്ഷകർ: കേരളം നാലാമത്, ഗുജറാത്ത് ഒന്നാമത്
text_fieldsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചേപ്പാൾ ഏറ്റവും കൂടുതൽ അപേക്ഷകർ ഗുജറാത്തിൽ. വർഷങ്ങളായി ഒന്നാമതായിരുന്ന കേരളം നാലാം സ്ഥാനത്ത്. അപേക്ഷകർ കുറഞ്ഞതിനാൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇത്തവണ സമയപരിധി മൂന്നുതവണ നീട്ടിയിരുന്നു. അധികസമയം നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയും ഹജ്ജ് നയത്തിലെ അപാകതയെ തുടർന്നും ഇത്തവണ അപേക്ഷകർ കുത്തനെ കുറഞ്ഞു.
ഒക്ടോബർ പത്തുമുതൽ ഡിസംബർ 23 വരെയായിരുന്നു സമയപരിധി. രണ്ട് ലക്ഷത്തോളമാണ് 2020ലെ അപേക്ഷകരുടെ എണ്ണം. രണ്ട് ലക്ഷമാണ് ഇന്ത്യയുടെ ഹജ്ജ് ക്വോട്ടയും. ഇതിൽ 1,40,000 പേർക്ക് മാത്രമേ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിക്കൂ. ബാക്കി 60,000 സ്വകാര്യ ഗ്രൂപ്പുകൾക്കാണ്.
ഗുജറാത്തിൽനിന്നാണ് കൂടുതൽ അപേക്ഷകർ (29,486). മഹാരാഷ്ട്ര (28,546), ഉത്തർപ്രദേശ് (27,466) എന്നീ സംസ്ഥാനങ്ങളാണ് പിറകിൽ. 26,060 പേരാണ് കേരളത്തിൽനിന്ന് അപേക്ഷിച്ചത്. 2013 മുതൽ 2019 വരെ കേരളമാണ് അപേക്ഷകരുടെ എണ്ണത്തിൽ മുന്നിലുണ്ടായിരുന്നത്. 2017ൽ 95,236 അപേക്ഷകരുണ്ടായിരുന്നു കേരളത്തിൽ. ഇതേ വർഷം മഹാരാഷ്ട്രയിൽ 57,246ഉം ഗുജറാത്തിൽ 57,225ഉം ആയിരുന്നു അപേക്ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.