ഹജ്ജ്: കേരളത്തിൽനിന്ന് 16,776 പേർക്ക് അവസരം
text_fieldsമലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് 16,776 പേർക്ക് അവസരം. ഇതിൽ 70 വയസ്സിന് മുകളിലുള്ളവർക്കും ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ബാക്കി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനറൽ വിഭാഗത്തിൽനിന്ന് നറുക്കെടുപ്പിലൂടെ നടത്തും. നറുക്കെടുപ്പ് തിങ്കളാഴ്ച രാവിലെ 11 മുതൽ ഡൽഹിയിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ വൈകീട്ടോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാകും.
സംസ്ഥാനത്തുനിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ഇതിൽ 1250 പേർ 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 3584 പേർ ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലുമാണ്. ജനറൽ വിഭാഗത്തിൽ 19,950 പേരാണ് അപേക്ഷിച്ചത്. ഇതിൽനിന്ന് 11,942 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുക. ബാക്കി 8008 പേരെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തും.
ചരിത്രത്തിലാദ്യമായാണ് ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് ഇത്രയേറെ തീർഥാടകർക്ക് അവസരം ലഭിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിലാണ് ഹജ്ജ് ക്വോട്ട അനുവദിക്കുക. ഇതുപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ ആവശ്യത്തിനുള്ള അപേക്ഷകരില്ലാത്തതിനാൽ കേരളം ഉൾപ്പെടെ കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വീതംവെക്കുകയായിരുന്നു.
ഇതുപ്രകാരം കേരളത്തിന് 9587 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ഉത്തർപ്രദേശിൽനിന്നാണ് ഇക്കുറി കൂടുതൽ പേർക്ക് അവസരം ലഭിച്ചത് -19,702. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര -19,649. മൂന്നാമതാണ് കേരളം. ഇത്തവണ 1,62,585 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിച്ചത്. ഇതിൽ 1,40,020 പേർക്കാണ് അവസരം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.