കോവിഡ് കെടുതികൾക്ക് വിട; ഹജ്ജ് തീർഥാടകർ വീണ്ടും പുണ്യഭൂമിയിലേക്ക്
text_fieldsകരിപ്പൂർ: മഹാമാരി കെടുതികളെ അതിജീവിച്ച് രണ്ടു വർഷത്തിനുശേഷം ഇന്ത്യയിലെ ഹജ്ജ് തീർഥാടകർ വീണ്ടും പുണ്യഭൂമിയിലേക്ക്. ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയിൽനിന്ന് പുറപ്പെടും. ഇത്തവണ ഇന്ത്യയിൽനിന്നുള്ള ആദ്യവിമാനം കേരളത്തിൽനിന്നാണ്. ഇതിൽ യാത്രയാവേണ്ട 377 തീർഥാടകർ വ്യാഴാഴ്ച രാവിലെ ഹജ്ജ് ക്യാമ്പിലെത്തി. ഇവർക്കുള്ള യാത്രരേഖകളും സൗദി റിയാലും വെള്ളിയാഴ്ച ഹജ്ജ് ക്യാമ്പിൽ വിതരണം ചെയ്യും.
2019നുശേഷം ഈ വർഷമാണ് ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് അവസരം ലഭിക്കുന്നത്. 2020ൽ ഹജ്ജ് തീർഥാടനത്തിന് നടപടി പുരോഗമിക്കുന്നതിനിടെയാണ് ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ നടപടിക്രമങ്ങൾ നിർത്തിവെച്ചു. ലക്ഷോപലക്ഷം തീര്‍ഥാടകര്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്ന് എത്തി ഒരുമിച്ച് ഒരിടത്ത് സമ്മേളിക്കുന്ന പുണ്യഭൂമിയില്‍ പതിവിന് വിപരീതമായി കഴിഞ്ഞ രണ്ടുവർഷവും സ്വദേശികൾക്കും സൗദിയിലെ വിദേശികൾക്കും മാത്രമായിരുന്നു അനുമതി.
കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും 1,75,025 ആയിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വോട്ട ഇത്തവണ പകുതിയാക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 80,000ത്തോളം പേർക്ക് മാത്രമാണ് ഇത്തവണ അവസരം. ഇതിൽ കേരളത്തിൽനിന്ന് 5758 പേർ ഇടം നേടിയിട്ടുണ്ട്. തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1989 പേരും ഉൾപ്പെടെ കൊച്ചിയിൽനിന്ന് 7747 പേരാണ് ഹജ്ജിന് യാത്രയാവുക. സൗദി എയർലൈൻസിനാണ് ഈ വർഷത്തെ ഹജ്ജ് സർവിസ്.
ശിഹാബുദ്ദീൻ ഹജ്ജിനായി യാത്ര തിരിച്ചു, കാൽനടയായി
വളാഞ്ചേരി: കാൽനടയായി ഹജ്ജ് കർമം നിർവഹിക്കുകയെന്ന ആഗ്രഹം പൂർത്തിയാക്കാൻ ശിഹാബുദ്ദീൻ യാത്ര ആരംഭിച്ചു. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി-സൈനബ ദമ്പതികളുടെ മകനായ ശിഹാബുദ്ദീൻ (30) മക്ക ലക്ഷ്യമാക്കിയാണ് യാത്ര തുടങ്ങിയത്. അടുത്ത വർഷം ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് സൗദിയിലെത്തുകയാണ് ലക്ഷ്യം.
വ്യാഴാഴ്ച പുലർച്ചെയാണ് യാത്ര ആരംഭിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും യാത്രയാക്കി. കഞ്ഞിപ്പുരയിൽ നിന്ന് തുടങ്ങി പുത്തനത്താണി, വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി, കോഴിക്കോട്, മാഹി, കണ്ണൂർ, കാസർകോട് വഴിയാണ് കേരളത്തിലൂടെ യാത്ര ചെയ്യുക. ഏകദേശം 8600 കിലോമീറ്റർ ദൂരം പിന്നിടേണ്ട യാത്രയിൽ ദിവസവും ശരാശരി 25 കിലോമീറ്റർ യാത്ര ചെയ്യും. മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാകും വിശ്രമം. പാക്കിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴിയാണ് സൗദിയിലെത്തുക. എട്ട് മാസംകൊണ്ട് സൗദിയിൽ എത്താനാണ് ഉദ്ദേശിക്കുന്നത്. പ്രവാസിയായിരുന്ന ശിഹാബ് കഴിഞ്ഞ ആറ് വർഷമായി നാട്ടിൽ തന്നെയാണ്. കഞ്ഞിപ്പുരയിൽ ബിസിനസ് നടത്തുകയാണ്. ഭാര്യ: ശബ്ന. മകൾ: മുഹ്മിന സൈനബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.