ഹജ്ജ് നയം: കരട് രേഖയിലെ നിർദേശങ്ങൾ പുനഃപരിശോധിക്കണം –സമസ്ത
text_fieldsകോഴിക്കോട്: പുതിയ ഹജ്ജ് നയം രൂപവത്കരിക്കുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല അവലോകന കമ്മിറ്റി കേന്ദ്ര സർക്കാറിന് സമർപ്പിച്ച ഹജ്ജ് നയം കരട് രേഖയിലെ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുേക്കായ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രേഖയിലെ നിർദേശങ്ങളിൽ പലതും അപ്രായോഗികവും ഹാജിമാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതുമാണ്. കേരളം മുന്നോട്ടുവെച്ച നിർദേശങ്ങൾ പാടേ അവഗണിച്ചിരിക്കുന്നു. സർക്കാർ േക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യ ഹജ്ജ് േക്വാട്ട വർധിപ്പിച്ചതും ദുരൂഹമാണ്. എംബാർക്കേഷൻ പോയൻറ് 21ൽനിന്ന് ഒമ്പത് ആക്കി ചുരുക്കിയത് ഹജ്ജ് യാത്രക്കാരെ കൂടുതൽ പ്രയാസപ്പെടുത്തും. കരിപ്പൂർ എംബാർക്കേഷൻ പോയൻറ് നിഷേധിച്ചതും പ്രതിഷേധാർഹമാണ്.
70 വയസ്സ് തികഞ്ഞവർക്കും തുടർച്ചയായി അഞ്ചു വർഷം അപേക്ഷിച്ചവർക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാൻ കഴിയുന്ന അവസ്ഥ എടുത്തുകളഞ്ഞത് അനീതിയാണ്. ജാതി-മത വ്യത്യാസം കൂടാതെ പുണ്യതീർഥാടകർക്ക് വർഷങ്ങളായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന വിമാനയാത്ര സബ്സിഡി ഹാജിമാർക്ക് മാത്രം എടുത്തുകളയുന്നത് മതേതര ഇന്ത്യയുടെ അന്തസ്സിന് നിരക്കുന്നതല്ല. കരട് ഹജ്ജ് നയത്തിലെ അപ്രായോഗിക നിർദേശങ്ങൾ തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.