ഹജ്ജ് നയവും 'മറന്ന്'കേന്ദ്രം
text_fieldsമലപ്പുറം: അടുത്ത വർഷത്തെ ഹജ്ജിന്‍റെ നടപടി ആരംഭിക്കാനിരിക്കെ പുതിയ നയം പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ. നിലവിലുളള ഹജ്ജ് നയത്തിന്‍റെ കാലാവധി ഈ വർഷത്തോടെ അവസാനിച്ചു. 2023 മുതൽ അഞ്ച് വർഷത്തേക്കുള്ള പുതിയത് തയാറാക്കുന്നതിനുള്ള നടപടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് സ്വീകരിക്കേണ്ടത്.
ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. മുഖ്താർ അബ്ബാസ് നഖ്വി രാജിവെച്ചതിന് ശേഷം സ്മൃതി ഇറാനിക്കാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ചുമതല. നയം തയാറാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മാസം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്മാരുടെ യോഗം വിളിച്ചെങ്കിലും നടന്നില്ല.
മന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് യോഗം മാറ്റിയെന്നാണ് സൂചന. സാധാരണ എല്ലാ വർഷവും ഹജ്ജിന് ശേഷം മന്ത്രിയുടെ അധ്യക്ഷതയിൽ വിശദമായ അവലോകന യോഗം ചേരാറുണ്ട്. ആഗസ്റ്റ് പകുതിയോടെ ഹജ്ജ് സർവിസ് പൂർത്തിയായിട്ടും ഇതുവരെ യോഗം ചേർന്നിട്ടില്ല.
പുതുതായി ചുമതലയേറ്റ ഹജ്ജ് കമ്മിറ്റി യോഗത്തിൽ നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെങ്കിലും തീരുമാനം എടുക്കേണ്ടത് മന്ത്രാലയമാണ്.
2018 മുതലുള്ള നയം രൂപവത്കരിക്കാനായി 2017 ജനുവരിയിൽ തന്നെ ന്യൂനപക്ഷ മന്ത്രാലയം അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ 2017 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും നവംബറിൽ കേന്ദ്രം ഇതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു.
2018 വരെ ക്വോട്ടയുടെ 75 ശതമാനം സർക്കാറിനും 25 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായിരുന്നു. സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 30 ശതമാനമായി ഉയർത്തിയത് കഴിഞ്ഞ തവണയായിരുന്നു. കൂടാതെ, തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് സംവരണമുണ്ടായിരുന്നതും 2018ൽ പിൻവലിച്ചു.
വർഷങ്ങൾക്ക് ശേഷം കപ്പൽ സർവിസ് ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത് വിദഗ്ധ സമിതി തീരുമാനപ്രകാരമായിരുന്നു. സമാനമായി പ്രധാന തീരുമാനങ്ങളെല്ലാം ഹജ്ജ് നയത്തിലാണ് ഉൾപ്പെടുത്താറുള്ളത്. അടുത്ത വർഷത്തെ അപേക്ഷ നവംബർ, ഡിസംബറിലായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിളിക്കണം. ഇതിന് മുമ്പ് നയം തയാറാക്കി കേന്ദ്രം അംഗീകാരം നൽകണ്ടേതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.