ഹജ്ജ്: നിരക്കിൽ വീണ്ടും വർധന; 5,300 രൂപ കൂടി അടക്കണം
text_fieldsകരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്ന തീർഥാടകരുടെ യാത്രനിരക്കിൽ വീണ്ടും വർധന. കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവർ നേരത്തേ അടച്ച തുകക്ക് പുറമെ 5,300 രൂപയാണ് അടക്കേണ്ടത്. ഈ തുക എത്രയും പെട്ടെന്ന് അടക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
ഇതോടെ, ഒടുവിൽ ഹജ്ജ് സർവിസ് നടന്ന 2019നെക്കാൾ 1,44,000 രൂപയുടെ വർധനവാണ് യാത്രചെലവിൽ ഉണ്ടായിരിക്കുന്നത്. ജൂൺ നാലിനാണ് കേരളത്തിൽനിന്ന് ആദ്യവിമാനം പുറപ്പെടുക. മേയ് 31നകം അവസരം ലഭിച്ച തീർഥാടകർ മൂന്ന് ഗഡുക്കളായി ഇതുവരെ 3,84,200 രൂപയാണ് അടച്ചത്. ഇതിന് പുറമെയാണ് പുതുതായി 5,300 രൂപ കൂടി അടക്കാൻ നിർദേശം വന്നിരിക്കുന്നത്.
തുക ഓരോ കവർ നമ്പറിനും അനുവദിച്ച പേ ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ്.ബി.ഐയുടെയോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ശാഖ മുഖേനയോ ഓൺലൈൻ വഴിയോ തുക അടക്കണം.
ഹജ്ജ് തീർഥാടകർ വ്യാഴാഴ്ച മുതൽ ക്യാമ്പിലെത്തും
നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജിനുള്ള തീർഥാടകർ വ്യാഴാഴ്ച മുതൽ ക്യാമ്പിൽ എത്തി തുടങ്ങും. ആർ.ടി.പി.സി.ആർ എടുക്കേണ്ടതിനാൽ തീർഥാടകർ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. ആർ.ടി.പി.സി.ആർ. റിസൽറ്റ് മദീനയിലേക്ക് അയച്ചാൽ മാത്രമേ അവിടെ താമസം സംബന്ധിച്ച ക്രമീകരണം ചെയ്യുകയുള്ളൂ.
നാലാം തീയതി രാവിലെ 8.30നാണ് 377 തീർഥാടകരുമായി ആദ്യവിമാനം പുറപ്പെടുക. രാവിലെ 11.50 ന് വിമാനം മദീനയിലെത്തും. 5ാം തീയതി രണ്ട് വിമാനങ്ങളാണുണ്ടാകുക. ഈ മാസം 16 വരെയായി 20 സർവിസുകളുണ്ടാകും. മടക്കയാത്ര ജൂലൈ 14 മുതൽ 31 വരെയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.