ഹജ്ജ്: നെടുമ്പാശ്ശേരിയിൽ നിന്നും ഇതുവരെ അവസരം ലഭിച്ചത് 7156 പേർക്ക്
text_fieldsനെടുമ്പാശ്ശേരി: ഹജ്ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് നെടുമ്പാശ്ശേരിയിൽ നിന്നും 7156 പേർക്ക് ഇതുവരെ അവസരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. നെടുമ്പാശ്ശേരിയിൽ ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ 5393 പേർ കേരളത്തിൽ നിന്നാണ്. തമിഴ്നാട്ടിൽ നിന്നും 1434 പേർ, ലക്ഷദ്വീപിൽ നിന്നും 148, ആന്തമാനിൽ നിന്നും 113, പോണ്ടിച്ചേരിയിൽ നിന്നും 54 പേരും നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്രയാകുക.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം ഈ മാസം 31 ന് തുടങ്ങും. ജൂൺ മൂന്നിന് തീർഥാടകർ എത്തി തുടങ്ങും. നാലിന് രാവിലെ ഒൻപത് മണിക്കാണ് ആദ്യ ഹജ്ജ് വിമാനം യാത്രയാകുന്നത്. ഓരോ വിമാനത്തിലും 377 തീർത്ഥാടകർ വീതമാണുണ്ടാകുക
ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, അഡ്വ. മൊയ്തീൻ കുട്ടി, പി.ടി. അക്ബർ, ഡോ. ഐ.പി അബ്ദുൾ സലാം , എ. സഫർ ഖയാൽ , പി.പി.മുഹമ്മദ് റാഫി , കെ.കെ.ഷമീം, അനസ്ഹാജി, തുടങ്ങിയവർ സംബന്ധിച്ചു
തീർഥാടകർക്കുള്ള വാക്സിനേഷന് വിമാനത്താവളത്തിൽ സൗകര്യം ഒരുക്കും. കൂടാതെ തീർഥാടകരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഹജ്ജ് ക്യാംപിൽ വച്ച് നടത്തും. കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്, പോളിയോ തുള്ളി മരുന്ന് എന്നിവയാണ് വിമാനത്താവളത്തിൽ നൽകുക. മുൻ കാലങ്ങളിൽ യാത്ര പുറപ്പെടുന്നതിന് ഒരു മാസത്തിനിടെ ജില്ലാ ആശുപത്രികളിലാണ് ഇതിന് വേണ്ട സൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ സമയക്കുറവ് കണക്കിലെടുത്താണ് ഇത് വിമാനത്താവളത്തിൽ വച്ച് നൽകാൻ തീരുമാനിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലായ 'ടി 3 " ടെർമിനലിന്റെ താഴെ നിലയിൽ ആഗമന ഭാഗത്താണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത്. നേരെ വിമാനത്താവളത്തിലെത്തുന്ന തീർഥാടകരെ ലഗേജുകൾ കൈമാറിയ ശേഷമാണ് ഈ കൗണ്ടറിലേയ്ക്ക് എത്തിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് തീർഥാടകർ കൈവശം കരുതേണ്ടതാണ്.
ജൂൺ നാല് മുതൽ 16 വരെയാണ് വിമാന സർവീസ്. ഇപ്പോഴത്തെ ഷെഡ്യൂൾ അനുസരിച്ച് ജൂൺ 4, 6, 7, 9, 13, 15 തീയതികളിൽ ഒരോ വിമാനവും 5, 8, 10, 14 തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും 12, 16 തീയതികളിൽ മൂന്ന് വിമാനങ്ങളുമാണ് ഉണ്ടാകുക. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിക്കുന്നത്.
ഇവിടെ നിന്നും മദീന വിമാനത്താവളത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകർ പ്രവാചക നഗരിയിലെ സന്ദർശനത്തിന് ശേഷമാണ് മക്കയിലേക്ക് തിരിക്കുക. മദീനയിൽ മസ്ജിദുന്നബവിയ്ക്ക് സമീപവും മക്കയിൽ അസീസിയയിലുമാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹാജിമാർക്ക് അസീസിയയിൽ നിന്നും മസ്ജിദുൽ ഹറമിലേക്ക് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് കർമ്മത്തിന് ശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നായിരിക്കും ഹാജിമാരുടെ നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര. നെടുമ്പാശ്ശേരി അടക്കം പത്ത് എംബാർക്കേഷൻ പോയന്റുകളിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ യാത്രയാകുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ യാത്ര തിരിക്കുന്ന എംബാർക്കേഷൻ പോയന്റും നെടുമ്പാശ്ശേരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.