ഹജ്ജ്: 1994 മുതൽ വിമാന കമ്പനികൾക്ക് സബ്സിഡിയായി നൽകിയത് 8,674 കോടി
text_fieldsകൊണ്ടോട്ടി (മലപ്പുറം): 1994 മുതൽ 2017 വരെ ഹജ്ജ് വിമാന നിരക്കിൽ വിമാന കമ്പനികൾക്ക് സബ്സിഡിയായി കേന്ദ്ര സർക്കാർ നൽകിയത് 8,674.05 കോടി രൂപ. വ്യോമയാന മന്ത്രാലയമാണ് വ്യാഴാഴ്ച ഹജ്ജ് സബ്സിഡിക്കായി അനുവദിച്ച തുക പ്രസിദ്ധീകരിച്ചത്. ഇൗ വർഷം മുതൽ ഹജ്ജ് സബ്സിഡി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. 2022ഒാടെ സബ്സിഡി പൂർണമായി നിർത്തണമെന്ന് 2012ൽ സുപ്രീംകോടതിയും വിധിച്ചിരുന്നു. 1994ൽ സബ്സിഡിയായി അനുവദിച്ചത് 10.51 കോടി രൂപയാണ്. ഏറ്റവും അവസാനമായി നൽകിയ 2017ൽ 200 കോടി രൂപയുമാണ് കേന്ദ്രം സബ്സിഡിക്കായി ചെലവിട്ടത്. വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന വന്ന കഴിഞ്ഞ 10 വർഷത്തിനിടെയാണ് കൂടുതൽ തുകയും അനുവദിച്ചത്. 2007 മുതൽ 2017 വരെ 6,575.56 കോടി രൂപയാണ് സബ്സിഡി തുകയായി കൈമാറിയത്.
അതേസമയം, 1994 മുതൽ 2006 വരെ 2,098.49 കോടിയാണ് നൽകിയത്. 2008ലാണ് ഏറ്റവും ഉയർന്ന തുക നൽകിയത്, 895 കോടി. സബ്സിഡി നിർത്തലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ട 2012ൽ 836.56 കോടിയും അനുവദിച്ചു.
തുടർവർഷങ്ങളിൽ സബ്സിഡിയിൽ നിശ്ചിത ശതമാനം തുക കുറച്ചിട്ടുണ്ട്. 2016ൽ 405.39 കോടി അനുവദിച്ചപ്പോൾ അവസാന വർഷം 205.39 കോടി കുറച്ച് 200 കോടി മാത്രമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.