ഹജ്ജ് മതേതര ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ചിഹ്നം -അബ്ദുസ്സമദ് സമദാനി
text_fieldsകൊണ്ടോട്ടി: ഹജ്ജ് മതേതര ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ചിഹ്നമാണെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ കോഴിക്കോട് എംബാര്‍ക്കേഷന്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപവത്കരണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഹജ്ജ് തീര്‍ഥാടനത്തിന് ഇരട്ട പ്രാധാന്യമാണുള്ളത്. ആദ്യത്തേത് വിശ്വാസപരമായുള്ളതാണെങ്കില് രണ്ടാമത്തേത് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രാധാന്യമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇക്കാലമത്രയും വന്ന സര്‍ക്കാറുകളൊന്നും ഈ പാരമ്പര്യത്തിന് കോട്ടം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന റീകാർപറ്റിങ് പ്രവൃത്തികള്‍ ഹജ്ജ് സർവിസുകളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ് മുന്‍കാലങ്ങളില്‍ കരിപ്പൂരില്‍ നടന്ന ഹജ്ജ് ക്യാമ്പുകള്‍. ഇത്തവണത്തെ ക്യാമ്പും കൂടുതല്‍ വിപുലമാക്കണമെന്ന് എം.പി പറഞ്ഞു.
ടി.വി. ഇബ്രാഹിം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടിവ് ഓഫിസര്‍ പി.എം. ഹമീദ് സംഘാടകസമിതിയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് മുഖ്യ രക്ഷാധികാരി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ചെയര്‍മാനും പി.വി. അബ്ദുല്‍ വഹാബ് എം.പി എംബാര്‍ക്കേഷന്‍ പോയന്റ് ചെയര്‍മാനും ടി.വി. ഇബ്രാഹിം എം.എല്‍.എ വെസ് ചെയര്‍മാനും ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. പി. മൊയ്തീന്‍കുട്ടി ജനറല്‍ കണ്‍വീനറുമായി 201 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.