ഹജ്ജ്: ആദ്യ ഗഡു ഫെബ്രുവരി ഒമ്പതിനകം അടയ്ക്കണം
text_fieldsകരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും പ്രോസസിങ് നിരക്കും ഉൾപ്പെടെ ആദ്യ ഗഡുവായ 81,800 രൂപ ഫെബ്രുവരി ഒമ്പതിനകം അടയ്ക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽനിന്ന് ഓരോ കവർനമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖകളിലോ പണം അടയ്ക്കണം. ബാക്കി അടയ്ക്കേണ്ട തുക സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
പണം അടച്ച പേ ഇൻ സ്ലിപ്പ്, പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ (വെള്ള ബാക്ക്ഗ്രൗണ്ടുള്ളത് -ഫോട്ടോ പാസ്പോർട്ടിന്റെ പുറംചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കണം), ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ അനുവദിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോം (അപേക്ഷകനും നോമിനിയും അപേക്ഷയിൽ ഒപ്പിടണം), പാസ്പോർട്ടിന്റെ ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ് (പാസ്പോർട്ടിലെ അഡ്രസ്സിൽ വ്യത്യാസമുണ്ടെങ്കിൽ മാത്രം), കവർ ഹെഡിന്റെ ബാങ്ക് പാസ്ബുക്ക്/ ചെക്ക് ലീഫിന്റെ കോപ്പി എന്നിവ ഫെബ്രുവരി 12നകം കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലോ സമർപ്പിക്കണം.
എൻ.ആർ.ഐ അപേക്ഷകർക്ക് പാസ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെങ്കിൽ സമയം നീട്ടിത്തരുന്നതിന് അപേക്ഷ സമർപ്പിക്കണം. ഇവർക്ക് പരമാവധി സമയം ഏപ്രിൽ 24 ആണ്. മറ്റുരേഖകൾ ഫെബ്രുവരി 12നകം സമർപ്പിക്കണം. ഫോൺ: 04832710717, 04832717572.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.