ഹജ്ജ് എംബാർക്കേഷൻ പോയൻറ്: ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സൗകര്യമുണ്ടായിട്ടും ഹജ്ജ് എംബാർക്കേഷൻ പോയൻറ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. കോഴിക്കോട് കേന്ദ്രമായ മലബാർ െഡവലപ്മെൻറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീറാണ് ഹരജി സമർപ്പിച്ചത്. ഹരജിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികളായ ആറ് പേർക്ക് ഹൈകോടതി നോട്ടീസ് അയച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി, ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി, കേന്ദ്ര ഹജ്ജ് കമ്മിറ്റി, സംസ്ഥാന സർക്കാർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
13 വർഷം കരിപ്പൂരിൽ നിന്ന് സുഗമമായി നടത്തിയ ഹജ്ജ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. റൺവേ നവീകരണം പൂർത്തിയായിട്ടും ഹജ്ജ് സർവിസിന് നടപടി സ്വീകരിച്ചിട്ടില്ല. ടെൻഡർ നടപടികൾ വ്യോമയാന മന്ത്രാലയം പൂർത്തിയാക്കിയതിനാൽ കരിപ്പൂരിനായി റീെടൻഡർ വിളിക്കണമെന്നാണ് ആവശ്യം.
കരിപ്പൂരിനെക്കാളും റൺവേ നീളം കുറഞ്ഞ കോഡ് ഡി വിമാനത്താവളമായ ജയ്പൂരിൽ കോഡ് ഇ ഉപയോഗിച്ച് ഹജ്ജ് സർവിസ് നടത്തുന്നതിന് അനുമതി നൽകിയതായി ഹരജിയിൽ പറയുന്നു. കൂടാതെ, കോഡ് സിയിലുള്ള വിമാനത്താവളങ്ങളായ ഒൗറംഗബാദ്, റാഞ്ചി, വാരാണസി എന്നിവിടങ്ങളിൽ കോഡ് ഡി ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരിൽ 83 ശതമാനവും മലബാറിൽ നിന്നുള്ളവരാണെന്നും ഹരജിയിൽ ഉന്നയിക്കുന്നു.
പതിനായിരത്തിലധികം തീർഥാടകരുള്ള മഹാരാഷ്ട്രയിൽ മൂന്ന് എംബാർക്കേഷൻ പോയൻറാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ 11,197 തീർഥാടകരുണ്ട്. ഒന്നിലധികം എംബാർക്കേഷൻ പോയൻറ് കേരളത്തിലും സ്ഥാപിക്കണം. കൂടാതെ, കരിപ്പൂരിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹജ്ജ് ഹൗസും പ്രവർത്തിക്കുന്നതായി ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.