സ്വാതന്ത്ര്യ പോരാട്ട നിത്യസ്മാരകമായി ഹജൂർ കച്ചേരി
text_fieldsതിരൂരങ്ങാടി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗോജ്ജ്വല അധ്യായങ്ങളിലൊന്നായ 1921ലെ മലബാർ വിപ്ലവത്തിന്‍റെ നിത്യസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി. ബ്രിട്ടീഷ് സൈന്യത്തോട് മാപ്പിള വിപ്ലവകാരികൾ ഏറ്റുമുട്ടിയ മലബാർ വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലമെന്ന നിലയിൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സവിശേഷ ഇടം തന്നെ തിരൂരങ്ങാടിക്കും ഹജൂർ കച്ചേരിക്കുമുണ്ട്.
1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിലെത്തിയ ബ്രിട്ടീഷ് സേനയുമായി ഖിലാഫത്ത് പ്രക്ഷോഭകർ ഏറ്റുമുട്ടിയത് ഹജൂർ കച്ചേരിക്ക് മുന്നിലെ മൈതാനത്തായിരുന്നു. ബ്രിട്ടീഷ് സേന പിടിച്ചുകൊണ്ടുപോയ മൂന്ന് ഖിലാഫത്ത്-കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ ഹജൂർ കച്ചേരിയിലെത്തിയവർക്ക് നേരെ പ്രകോപനമില്ലാതെ ബ്രിട്ടീഷ് സേന വെടിയുതിർക്കുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ എ.എസ്.പി റൗലി, ജോൺസൺ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും 18 മാപ്പിള പോരാളികളും കൊല്ലപ്പെട്ടു. തുടർ ദിവസങ്ങളിൽ ഏറനാട്, വള്ളുവനാട് താലൂക്കുകളിലേക്ക് വിപ്ലവം പടരുകയും ആറ് മാസക്കാലയളവിൽ ബ്രിട്ടീഷ് ഭരണം ഇവിടെ അവസാനിക്കുകയും ചെയ്തു.
ഹജൂർ കേച്ചേരി വളപ്പിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരന്‍റെ ശവകുടീരം ഇന്നുമുണ്ട്. ഏറെ കാലത്തെ മുറവിളികൾക്ക് ശേഷം 2014ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഹജൂർ കച്ചേരിയെ ജില്ല പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ചു. നേരത്തേ ഇത് തിരൂരങ്ങാടി താലൂക്ക് ഓഫിസായിരുന്നു. സ്വാതന്ത്ര്യ സമര കാലത്തെ നിർമിതികൾ പഴമ നിലനിർത്തി തന്നെ 50 ലക്ഷം രൂപയുടെ അറ്റകുറ്റപണി നടത്തി ഒന്നാംഘട്ട നിർമാണ പ്രവർത്തനം പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.