ഹലാൽ ബീഫ് ആക്രമണം: ആർ.എസ്.എസ് അനുഭാവി റിമാൻഡിൽ; ജോലിയിൽനിന്ന് പിരിച്ചുവിട്ടു
text_fieldsപേരാമ്പ്ര: ഹലാൽ സ്റ്റിക്കർ പതിക്കാത്ത ബീഫ് നൽകണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപ്പർ മാർക്കറ്റ് കൈയേറി ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. മേപ്പയൂർ മഠത്തുംഭാഗം പ്രണവത്തിൽ പ്രസൂണിനെയാണ് (29) പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഇയാൾ ആർ.എസ്.എസ് അനുഭാവിയാണ്. വധശ്രമത്തിനാണ് കേസ്. പ്രതി മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ഒന്നാം പ്രതിയായ പ്രസൂണിനെ ഇൻഡസ് മോട്ടോഴ്സ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കമ്പനിയുടെ കുറ്റ്യാടി ടെറിറ്റോറിയൽ ഹെഡ് ആയിരുന്നു ഇയാൾ. ഒരു ക്രിമിനൽ കേസിൽ റിമാൻഡിലായ സാഹചര്യത്തിലാണ് നടപടി. കമ്പനി ആഭ്യന്തര അന്വേഷണം നടത്തും.
ഞായറാഴ്ച മൂന്നോടെ പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിൽ എത്തിയ പ്രസൂൺ ഹലാൽ സ്റ്റിക്കർ പതിക്കാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇത്തരം ബീഫ് ഇല്ലെന്ന് വ്യക്തമാക്കിയ ജീവനക്കാരോട് പ്രസൂണും കൂടെയുള്ള ആളും തർക്കിക്കുകയും പിന്നീട് ഫോണിൽ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരെ മർദിക്കുകയുമായിരുന്നു.
മർദനത്തിൽ കടയിലെ നാല് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. പ്രസൂണിനെ ജീവനക്കാരും നാട്ടുകാരും പിടിച്ച് പൊലീസിലേൽപിച്ചു. കൂട്ടുപ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കടയിൽ കയറി മനഃപൂർവം മതസ്പർധ വളർത്താനുള്ള ശ്രമമുണ്ടായിട്ടും വധശ്രമത്തിന് മാത്രമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.