അപകടത്തിൽപെട്ട മിനിലോറിയിൽനിന്ന് അരക്കോടിയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടി
text_fieldsകൊടുങ്ങല്ലൂർ: അപകടത്തിൽപ്പെട്ട മിനിലോറിയിൽനിന്ന് അരക്കോടി രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടി. മതിലകം സി.കെ വളവിൽ വെള്ളിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽനിന്നാണ് പാൻമസാല കണ്ടെത്തിയത്.
പുലർച്ചെ രണ്ടോടെയാണ് നിയന്ത്രണം വിട്ട മിനിലോറി മറിയുകയായിരുന്നു. അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നൂറോളം ചാക്ക് പാൻമസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ 11 ചാക്ക് പഞ്ചസാരയും 21 ചാക്ക് അരിയും നിരത്തിയ ശേഷം അതിനടിയിലാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. നൂറിലധികം ചാക്കുകളിലായി ഹാൻസ്, കൂൾലിപ്, ഗണേഷ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പാൻ മസാലയാണ് കണ്ടെടുത്തത്.
ഇതിന് ഏകദേശം അരക്കോടിയിലധികം രൂപ വില കണക്കാക്കുന്നു. പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻ മസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് പാൻമസാല കൊണ്ടു പോയിരുന്നതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടേതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു.
രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജു, എസ്.ഐ വി.വി. വിമൽ, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ സൈഫുദ്ദീൻ, ഷൈജു, വിപീഷ്, ആന്‍റണി എന്നിവർ തുടർ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.