അര ലക്ഷം റേഷൻ കാർഡുകൾകൂടി മുൻഗണന വിഭാഗത്തിലേക്ക്
text_fieldsതൃശൂർ: സംസ്ഥാനത്ത് അര ലക്ഷത്തിലധികം റേഷൻ കാർഡുകൾ കൂടി മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നു. ഇതോടെ കേന്ദ്ര സർക്കാറിന്റെ സൗജന്യ റേഷൻ അടുത്ത മാസം മുതൽ 51,000 കാർഡുകൾക്ക് കൂടി ലഭിക്കും. മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയ കാർഡുകൾക്ക് അംഗത്തിന് അനുസരിച്ച് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. ഗോതമ്പോ ലഭ്യതക്ക് അനുസരിച്ച് ആട്ടയോ ആണ് നൽകുക. 35,08,122 മുൻഗണന കാർഡുകളാണ് നിലവിലുള്ളത്. ഈ കാർഡുകളിലായി 1,31,97,093 ഗുണഭോക്താക്കളുമുണ്ട്. അനർഹരായ കാർഡ് ഉടമകൾ സ്വയം തിരിച്ചേൽപിച്ചതും പരാതിയുടെയും ഓപ്പറേഷൻ യല്ലോ വഴിയും പടികൂടിയതുമായ 55,000 ഒഴിവുകളാണ് മുൻഗണന വിഭാഗത്തിൽ ഉണ്ടായത്.
കഴിഞ്ഞ ഒക്ടോബർ മുതൽ ഓൺലൈനായി അപേക്ഷിച്ച 70,000 പേരിൽ അർഹതയുള്ള 51,000 പേരുടെ കാർഡുകളാണ് പുതുതായി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് 30 മാർക്കിന് മുകളിൽ കിട്ടിയവരാണ് അർഹത നേടിയത്. ബാക്കി 4000ത്തിലധികം ഒഴിവുകൾ ഇനിയുമുണ്ടെങ്കിലും അർഹരായവർ ഇല്ലാത്തതിനാൽ അവ ഒഴിഞ്ഞുകിടക്കും. അതേസമയം തുടർന്നുവരുന്ന അപേക്ഷകളിൽ പരിശോധന നടത്തി അർഹരായവർക്ക് അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം അതിദരിദ്രരായ 8000 കാർഡ് ഉടമകൾക്ക് അന്ത്യോദയ കാർഡുകൾ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഏതാണ്ട് നാലായിരത്തോളം കാർഡുകൾ ഈ വിഭാഗത്തിൽ നൽകി കഴിഞ്ഞു.
ബാക്കി പകുതി പേർക്കും കൂടി കാർഡ് നൽകുന്ന നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലുമാണ്. ഇതുമായി ബന്ധപ്പെട്ട് ആധാർ അടക്കം അവശ്യ രേഖകൾ ഇല്ലാത്തവർക്ക് അവ നൽകുന്നതിന് ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രേഖകൾ ലഭിക്കുന്ന മുറപ്രകാരം റേഷൻകാർഡ് അവർക്കും വിതരണം ചെയ്യും. ഈ മാസം 21ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻഗണന റേഷൻ കാർഡ് തിരുവനന്തപുരം താലൂക്കിലെ അർഹരായവരിൽ കുറച്ചുപേർക്ക് നൽകി ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിൽ ആധാർ ബന്ധിപ്പിക്കൽ 100 ശതമാനം പൂർത്തിയാക്കിയ ഏക സംസ്ഥാനമാണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.