അരലക്ഷം അതിദരിദ്രർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത രണ്ട് പഞ്ചായത്തുകൾ; കാസർകോട് ജില്ലയിലെ കള്ളാറും ആലപ്പുഴയിലെ കുമാരപുരവും. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നും സമ്പൂർണ സാക്ഷര സംസ്ഥാനമെന്നും മേനി പറയുമ്പോഴും കേരളത്തിൽ അതിദരിദ്രരുടെ എണ്ണം അരലക്ഷത്തിലധികമാണ്.
മിഷൻ 2025ന്റെ ഭാഗമായി കിലെയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാൻ തീരെ കഴിയാത്ത, അതിജീവനം തന്നെ പ്രതിസന്ധിയിലായ വിഭാഗത്തെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്.
സ്വന്തം അവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്തി അത് മറികടക്കാൻ ശേഷിയില്ലാത്തവർ, ഉപജീവനവും അതിജീവനവും നേടാൻ ശാരീരിക ശേഷി ഇല്ലാത്തവർ, മാനസിക വെല്ലുവിളി, വാർധക്യം, തീരാവ്യാധി തുടങ്ങിയ കാരണങ്ങളാൽ ദൈനംദിന ജീവിതം മുന്നോട്ട് നയിക്കാൻ ശേഷിയില്ലാത്ത അവസ്ഥ എന്നിവയെല്ലാം അതിദാരിദ്ര്യ മാനദണ്ഡങ്ങളാണ്.
സംസ്ഥാനത്താകെ 55507 അതിദരിദ്രർ ഉണ്ടെന്നാണ് കണ്ടെത്തിയത്. നവംബർ ഒന്നിന് പ്രഖ്യാപനമുണ്ടാകും. വിശപ്പ് രഹിത കുമാരപുരം പഞ്ചായത്ത് പദ്ധതിയിലൂടെയും തുടർച്ചയായി നാലുതവണ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നേടിയും കുമാരപുരം നേരത്തേ ശ്രദ്ധനേടിയിരുന്നു. അവശത അനുഭവിക്കുന്നവരെയും അശരണരെയും കണ്ടെത്തി ദിവസവും രണ്ടുനേരം കനിവിന്റെ ആഹാരവുമായി പഞ്ചായത്ത് അവർക്കരികിലേക്ക് എത്തുന്നതാണ് വിശപ്പുരഹിത കുമാരപുരം പദ്ധതി.
അർഹരായ 70 പേരെ കണ്ടെത്തി രണ്ടുനേരത്തേ ഭക്ഷണം വീടുകളിലെത്തിക്കുന്നതിന് വാഹന സൗകര്യവും വിതരണം ചെയ്യാനുള്ള വ്യക്തിയെയും ചുമതലപ്പെടുത്തിയതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു.
കുടുംബശ്രീയുടെയും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂപ്പർ ചെക്കിങ് കഴിഞ്ഞപ്പോൾ കള്ളാറിൽ 16 പേരാണ് പട്ടികയിലുൾപ്പെട്ടത്. അവരിൽ 12 പേരെ അഗതിരഹിതകേരളം പദ്ധതിയുടെ ഭാഗമായ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയും പെൻഷൻ ആവശ്യമുള്ളവർക്ക് അത് നേടിക്കൊടുത്തും അതിദാരിദ്ര്യത്തിൽനിന്ന് കരകയറ്റുകയായിരുന്നു.
അതിദരിദ്രർ ഇല്ലാത്ത പഞ്ചായത്തെന്ന പദവി നേടിയെടുക്കാൻ വേണ്ടി ഒന്നും ചെയ്തതല്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ അവകാശമായതിനാൽ ആർക്കും നിഷേധിക്കപ്പെടരുതെന്ന ബോധ്യത്തിൽ പ്രവർത്തിക്കുകയായിരുന്നെന്നും പ്രസിഡന്റ് ടി. നാരായണൻ പറഞ്ഞു.
അതി ദാരിദ്ര്യം ഇങ്ങനെ:
- സംസ്ഥാനത്ത് ആകെ അതിദരിദ്രർ -55507
- ചികിത്സ ലഭ്യമല്ലാത്തവർ -22233
- ഭക്ഷണം കിട്ടാത്തവർ -14618
- റേഷൻ കാർഡ് ഇല്ലാത്തവർ -2584
- തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ -6776
- ആധാർ കാർഡും മറ്റും ഇല്ലാത്തവർ -4268
- ഒറ്റക്ക് താമസിക്കുന്നവർ -194
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.