പകുതി വില തട്ടിപ്പ്: ബി.ജെ.പി നേതാവിനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: പകുതി വില തട്ടിപ്പിൽ ആഭ്യന്തര വകുപ്പിന്‍റെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനെ എന്തുകൊണ്ടാണ് പിണറായി വിജയൻറെ പൊലീസ് സംരക്ഷിക്കുന്നതെന്ന് സന്ദീപ് വാര്യർ ചോദിച്ചു.
സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി തട്ടിപ്പ് കേസ് മാറുകയാണ്. എ.എൻ. രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശം നൽകിയിരിക്കുകയാണ്. സി.പി.എമ്മുകാർക്ക് നാണമില്ലേ എന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനക്കെതിരെ എന്തുകൊണ്ടാണ് കേരള പൊലീസ് കേസെടുക്കാത്തത്? എ.എൻ. രാധാകൃഷ്ണൻ എന്ന ബി.ജെ.പി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയൻറെ പോലീസ് സംരക്ഷിക്കുന്നത്? സി.പി.എം ബി.ജെ.പി ബാന്ധവത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ് മാറുകയാണ്. എ.എൻ. രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം നൽകിയിരിക്കുകയാണ്. സി.പി.എമ്മുകാർക്ക് നാണമില്ലേ?
പകുതി വിലക്ക് ലാപ്ടോപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പുലാമന്തോൾ ടി.എൻ പുരം സ്വദേശിനി അനുപമയുടെ പരാതിയിലാണ് നജീബ് കാന്തപുരം എം.എൽ.എക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്.
2024 സെപ്തംബർ 25 നാണ് എം.എൽ.എയുടെ ഓഫിസിൽ എത്തി പണം നൽകിയത്. പണം കൈപ്പറ്റിയ ഓഫിസ് സെക്രട്ടറി കേസിൽ രണ്ടാം പ്രതിയാണ്. 40 ദിവസം കഴിഞ്ഞാൽ ലാപ്ടോപ്പ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ, ലാപ്ടോപ്പോ പണമോ ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.
പണം നൽകിയപ്പോൾ ‘മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ’ എന്ന പേരിലാണ് രശീതി ലഭിച്ചത്. എം.എൽ.എ ഓഫിസിലെ ജീവനക്കാരാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നൽകിയതും. ഭാരതീയ ന്യായസംഹിത 318 (4), 3 (5) വകുപ്പുകളിലാണ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.