ദുർഘടപ്രദേശങ്ങളിൽ ഹാം റേഡിയോ, കലക്ടറേറ്റിൽ ബേസ് സ്റ്റേഷന്‍
text_fieldsകൽപറ്റ: പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. കൽപ്പറ്റയിലെ കലക്ടറേറ്റിലാണ് ബേസ് സ്റ്റേഷന്‍. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഇവിടേക്ക് വിവരങ്ങള്‍ കൈമാറുന്നു.
ഉരുള്‍ ജല പ്രവാഹത്തിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ സെൽ ടവറുകൾ പാടെ നിലംപൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവിൽ സെൽ ഫോൺ സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്.
കലക്ടറേറ്റിൽ താഴത്തെ നിലയിലാണ് ബേസ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. റിസീവറുകള്‍, ആംപ്ലിഫയര്‍, ലോഗിങ്ങിനും ഡിജിറ്റല്‍ മോഡുലേഷനുമുള്ള കമ്പ്യൂട്ടറുകള്‍ എന്നിവയോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയിൽ നിന്നും ഹാം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ വിവരങ്ങള്‍ നൽകുന്നു.
അമ്പലവയൽ പൊന്മുടിക്കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള ഫാന്‍റം റോക്ക് റിപ്പീറ്ററാണ് ഹാം റേഡിയോ ആശയവിനിമയം സുഗമമാക്കുന്നത്. ഹാം ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സുൽത്താന്‍ ബത്തേരി ഡി.എക്സ് അസോസിയേഷനാണ് റിപ്പീറ്റര്‍ സ്ഥാപിച്ചത്. അസോസിയേഷന്‍ ചെയര്‍മാന്‍ സാബു മാത്യു, സീനിയര്‍ ഹാം ഓപ്പറേറ്ററും സുൽത്താന്‍ ബത്തേരി ഗവ.ആശുപത്രിയിലെ പൽമണോളജിസ്റ്റുമായ ഡോ. എബ്രഹാം ജേക്കബ് എന്നിവരാണ് ഹാം റേഡിയോ സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്.
ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ദുരന്തദിനത്തിൽ തന്നെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. മുണ്ടക്കൈയിലെത്തിയെ ആദ്യ സേനാ സംഘം ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശവാസികളെ അവിടേക്കെത്തിക്കാന്‍ തുണയായത് ഹാം റേഡിയോ സന്ദേശമാണ്.
നിലവിൽ ചൂരൽമല -മുണ്ടക്കൈ രക്ഷാപ്രവർത്തന സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ഉറപ്പാക്കി മേഖലയിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ യഥാസമയം കലക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്. എം. നിധിഷ്, അശ്വിൻദേവ്, ഡോ. രോഹിത് കെ.രാജ്, അനൂപ് മാത്യു, കെ.എൻ. സുനിൽ, എം.വി. ശ്യാംകുമാർ, മാർട്ടിൻ കെ. ഡൊമിനിക്, ടി.വി. സന്തോഷ്, സുനിൽ ജോർജ് എന്നിവരാണ് ചൂരൽമലയിലെ വിവരങ്ങൾ പ്രക്ഷേപണ കേന്ദ്രം മുഖേന കലക്ടറേറ്റിലേക്ക് കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.