‘മതേതര കേരളത്തിൽ ഹമാസ് തീവ്രവാദി നേതാക്കൾ തന്നെ പരിപാടികളിൽ പങ്കെടുക്കുന്നു, അന്വേഷിക്കേണ്ടിവരും’ -കെ.സുരേന്ദ്രൻ
text_fieldsമതേതര കേരളത്തിൽ ഹമാസ് തീവ്രവാദി നേതാക്കൾ തന്നെ പരിപാടികളിൽ പങ്കെടുക്കുന്നെന്നും അന്വേഷിക്കേണ്ടിവരുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തത്.
‘വന്നു വന്നു കാര്യങ്ങൾ ഇത്രേടം വരെ ആയി നമ്മുടെ മതേതര കേരളത്തിൽ. ഹമാസ് തീവ്രവാദി നേതാക്കൾ തന്നെ പരിപാടികളിൽ പങ്കെടുക്കുന്നു. വീസ കിട്ടാത്തതുകൊണ്ട് വെർച്ച്വൽ ആയെന്നുമാത്രം. സംഘാടകരുടെ ഉദ്ദേശ്യം വ്യക്തം. അന്വേഷിക്കേണ്ടിവരും കേരളപൊലീസിന്. കേന്ദ്ര ഏജൻസികൾക്കും’ കുറിപ്പിൽ പറയുന്നു. നേരത്തേ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സംഗമത്തിന് എതിരേയും കെ.സുരേന്ദ്രൻ രംഗത്തുവന്നിരുന്നു.
അതേസമയം ഇസ്രയേൽ വെള്ളിയാഴ്ച്ച അർധരാത്രിയിൽ ഇടതടവില്ലാതെ നടത്തിയ കരസേനയുടേയും വ്യോമസേനയുടേയും ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഗാസ. കഴിഞ്ഞദിവസം ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസാ മുനമ്പ് താറുമാറായിക്കിടക്കുന്നുവെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. 'ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ബോംബാക്രമണമായിരുന്നു അർധരാത്രിയിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആരുമായും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും എവിടേക്കെന്നില്ലാതെ പരസ്പരം കാണാൻ പോലും സാധിക്കാത്ത വിധത്തിലുള്ള അന്തരീക്ഷത്തെ മറികടന്ന് വാഹനം ഓടിച്ചു പോകേണ്ട അവസ്ഥയായിരുന്നു' എന്ന് ആംബുലൻസ് ഡ്രൈവറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ ഇന്റർനെറ്റ് സേവനവും ഫോൺ സംവിധാനവും നിലച്ചു. സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ആശങ്കയിലാണ്. ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ എല്ലാവിധത്തിലുള്ള അവശ്യസേവനങ്ങൾക്കും ഗാസയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടാങ്കുകളും ബുൾഡോസറും കവചിതവാഹനങ്ങളുമുൾപ്പെടെ വൻ സന്നാഹത്തോടെയാണ് ഇസ്രയേൽസൈന്യം അതിർത്തികടന്നത്. ഹമാസ് താവളങ്ങൾ തകർക്കുക, ഹമാസ് അംഗങ്ങളെ വധിക്കുക, ആയുധങ്ങൾ പിടിച്ചെടുക്കുക എന്നിവയാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്നും യുദ്ധത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ മുന്നൊരുക്കമാണിതെന്നുമാണ് ഇസ്രയേൽ സൈനികവക്താവ് അഡ്മിറൽ ഡാനിയേൽ ഹഗാരി അറിയിച്ചത്. അതേസമയം ആശുപത്രികൾ മറയാക്കി ഹമാസ് പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
യുദ്ധത്തിൽ വെള്ളിയാഴ്ചയോടെ മരണം ഏഴായിരം കടന്നു. ഇതിൽ 2900-ലധികംപേർ കുട്ടികളും 1500-ഓളം പേർ സ്ത്രീകളുമാണ്. മുമ്പ് നാലുതവണയുണ്ടായ ഇസ്രയേൽ-ഹമാസ് യുദ്ധങ്ങളിലെ ആകെ മരണസംഖ്യയെക്കാൾ കൂടുതലാണിത്. 14 ലക്ഷം പേർ അഭയാർഥികളായെന്നാണ് അനൗദ്യോഗിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.