ദീപ തച്ചുടച്ചത് ഇടതു സർക്കാറിന്‍റെ കാപട്യത്തെ കൂടിയാണെന്ന് ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: ദീപ പി. മോഹനൻ എന്ന ദലിത് സ്ത്രീ തച്ചുടച്ചത് നവോത്ഥാനത്തിന്‍റെ കൈക്കാരെന്ന് മേനി നടിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്‍റെ കാപട്യത്തെ കൂടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
ഇടത് യൂണിയനുകളുടെ സർവ്വാധിപത്യമുള്ള കേരളത്തിലെ കലാലയങ്ങളിൽ തുടർന്നു വരുന്ന ജാതീയതയും കീഴാള വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ഒരിക്കൽ കൂടി വെളിപ്പെടുകയാണ് ദീപ ഉയർത്തിയ പോരാട്ടത്തിലൂടെ. 11 ദിവസം നീണ്ട സമരത്തിനൊടുവിൽ സവർണ്ണ ഹുങ്കിനെയും സർവ്വകലാശാലയുടെ അക്കാദമിക് ദലിത് വിരുദ്ധതയെയും ദീപ മുട്ടുകുത്തിച്ചിരിക്കുന്നു.
ഗവേഷകയായ ദീപയെ ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റുകയും അവരുടെ തടഞ്ഞുവെച്ച ഫെല്ലോഷിപ്പ് നൽകാമെന്ന് സമ്മതിക്കുകയും ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവും, പട്ടികജാതി കമീഷൻ ഉത്തരവും നടപ്പാക്കാമെന്നതും അടക്കം എല്ലാ ആവശ്യങ്ങളും അധികാരികൾക്ക് അംഗീകരിക്കേണ്ടി വന്നു.
കേരളത്തിലെ മർദ്ദിത സമൂഹത്തിന് ഇത് നൽകുന്ന ആവേശം ചില്ലറയല്ല. നവോത്ഥാനത്തിന്‍റെ തുടർച്ചയുണ്ടാകണമെങ്കിൽ ദലിത് സമൂഹവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ നിലകൊണ്ടേ മതിയാകൂ.
ജാതീയത തീർത്ത സവർണ്ണ പൊതുബോധത്തിന്‍റെ തണലിലാണ് കേരളമിപ്പോഴുമുള്ളത്. ഒരേ സമയം നവോത്ഥാന വക്താക്കൾ എന്ന മേനി നടിക്കുകയും സവർണ്ണാധിപത്യത്തിന്‍റെ വെറ്റിലച്ചെല്ലം പേറുകയുമാണ് കേരളത്തിലെ ഇടതുപക്ഷം.
ആ കാപട്യത്തെ വെല്ലുവിളിച്ച ധീരയായി പോരാടിയ ദീപ പി. മോഹന് വിപ്ലവാഭിവാദ്യങ്ങൾ നേരുന്നതായും ഹമീദ് വാണിയമ്പലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.