പൊലീസിെൻറ ഭാഷ്യം രാഷ്ട്രീയ പാർട്ടികളുടേത് –ഹമീദ് വാണിയമ്പലം
text_fieldsകൊല്ലങ്കോട് (പാലക്കാട്): അംബേദ്കർ കോളനിയിലെ ജാതിവേർതിരിവ് പ്രശ്നത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വാക്കുകൾ പൊലീസ് ഏറ്റുപറയുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. ജാതി വിവേചനം നടക്കുന്ന ഗേവിന്ദാപുരം അംബേദ്കർ കോളനി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്ന് അനുഭവിക്കുന്നവർ വ്യക്തമാക്കിയിട്ടും അത്തരം പ്രശ്നം ഇല്ലെന്ന പൊലീസ് ഭാഷ്യം രാഷ്ട്രീയക്കാരുടെ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദലിതുകൾ താമസിക്കുന്ന മേഖലയിൽ മേൽ ജാതിക്കാരുടെ അയിത്താചരണം വ്യാപകമാണ്. കോളനിയിലെ വീടുകളിലേറെയും തകർന്ന് ചോർന്നൊലിക്കുന്നു. തദ്ദേശ ഭരണകൂടങ്ങൾ അംബേദ്കർ കോളനിയിലെ ദലിതുകളോട് വിവേചനം കാണിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ പന്തിഭോജനം നടത്തിയതുകൊണ്ട് അയിത്തം ഇല്ലാതാകില്ല. ക്രിയാത്മക നടപടികളാണ് വേണ്ടത്. അണികൾ ദലിതുകളോട് അയിത്തം കൽപ്പിക്കുന്നില്ല എന്ന് പാർട്ടികൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കർ കോളനിയിലെ മുരടിച്ച വികസനം കണക്കിലെടുത്ത് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ജാതിവിവേചനത്തിനെതിരെ സർക്കാർ ശക്തമായി രംഗത്തുവരണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശശി പന്തളം, ജില്ല വൈസ് പ്രസിഡൻറ് കെ.സി. നാസർ, അജിത് കൊല്ലങ്കോട്, കരീം പറളി, ജന്നത്ത് ഹുസൈൻ, പ്രദീപ് നെന്മാറ, ജലാലുദ്ദീൻ, കൃഷ്ണൻകുട്ടി, താജുദ്ദീൻ മുഹമ്മദ് ഹനീഫ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.