ഖനനമാഫിയക്ക് കേരളത്തെ ഇഷ്ടദാനമായി പതിച്ചു നൽകുന്നു –ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: ഭൂ പതിവ് ചട്ടത്തിലെ ചട്ടം നാലിൽ ഭേദഗതി വരുത്തുക വഴി പശ്ചിമഘട്ടമടക്കമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളടക്കം പാറ മാഫിയകൾക്കും മറ്റു ഖനനമാഫിയകൾക്കും ഇഷ്ടദാനമായി പതിച്ച് നൽകുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കേരളത്തെ മരുഭൂമിയാക്കരുത് എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച നിയമസഭ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളമാകെ കൊടുംവരൾച്ച നേരിടുന്ന സന്ദർഭത്തിൽ പോലും പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പരിസ്ഥിതിനാശത്തെ േപ്രാത്സാഹിപ്പിക്കുകയാണ്. നേരത്തേ ഉമ്മൻ ചാണ്ടി സർക്കാർ ഭൂ പതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയപ്പോൾ ഇടതുപക്ഷം എതിർത്തിരുന്നു. ഇന്ന് ഇടതു സർക്കാർതന്നെ ഭേദഗതിക്കായി തയാറെടുക്കുന്നത് പരിഹാസ്യമാണ്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ വികസന മുടക്കികളെന്ന് വിളിച്ചാക്ഷേപിച്ച് പോലീസിനെക്കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കാനാണ് ശ്രമിക്കുന്നത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് ഇടക്കിടെ പിണറായി വിജയനും വൈദ്യുതി മന്ത്രിയും പറയുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.
സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പലേരി, ശ്രീജ നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജില്ല ജനറൽ സെക്രട്ടറി മധു കല്ലറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.