നാട് മുഴുവൻ വഴിയൊരുക്കിയിട്ടും കുഞ്ഞുഹനാൻ പറന്നകന്നു
text_fieldsകണ്ണൂർ: നാട് മുഴുവൻ വഴിയൊരുക്കി കാവൽനിന്നിട്ടും, ആംബുലൻസ് പറന്നിട്ടും കുഞ്ഞുഹനാെൻറ ജീവൻ രക്ഷിക്കാനായില്ല. അടിയന്തര ഹൃദയശസ്ത്രക്രിയക്കായി കണ്ണൂരിൽനിന്ന് തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാൾ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന മുഹമ്മദ് ഹനാൻ എന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് പ്രാർഥനകൾ വിഫലമാക്കി വഴിമധ്യേ മരണം പുൽകിയത്. സംസ്ഥാനത്ത് എയർ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നതിെൻറ വലിയ സൂചനകൂടിയാവുകയാണ് ഇൗ കുരുന്നിെൻറ വേർപാട്.
കണ്ണൂർ മയ്യിൽ അരിമ്പ്ര പാലങ്ങാട്ട് വീട്ടിൽ സി.കെ. ഷൗക്കത്തലിയുടെയും സൽമത്തിെൻറയും മകനാണ് മുഹമ്മദ് ഹനാൻ. അപൂർവമായി കുട്ടികളിൽ കാണപ്പെടുന്ന മാരകഹൃദ്രോഗം കുഞ്ഞിനെ ബാധിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അവശനായ കുഞ്ഞിനെ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ശ്വസനമുൾപ്പെടെ നിലക്കുന്ന ഘട്ടത്തിലായിരുന്നു അപ്പോൾ. പീഡിയാട്രിഷ്യൻ ഡോ. പ്രശാന്തിെൻറ നേതൃത്വത്തിൽ വെൻറിലേറ്ററിലാക്കുകയും ചികിത്സ നൽകുകയുംചെയ്തു.
അടിയന്തര വിദഗ്ധശസ്ത്രക്രിയക്ക് ശ്രീ ചിത്തിര ആശുപത്രിയിലേക്ക് മാറ്റുന്നതിന് തീരുമാനമായി. എന്നാൽ, വെൻറിലേറ്റർ മാറ്റിയാൽ കുഞ്ഞിെൻറ ജീവൻ നഷ്ടെപ്പടുമെന്നതിനാൽ വെൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസും വേണമെന്നത് പ്രതിസന്ധിയായി. പ്രത്യേക വെൻറിലേഷൻ സൗകര്യമുള്ളതും ഡോക്ടറും നഴ്സുമുൾപ്പെടെയുള്ള ആംബുലൻസ് ശ്രീചിത്തിരയിൽനിന്നുതന്നെ ഏർപ്പാടാക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറു മണിയോടെ ആംബുലൻസ് കണ്ണൂരിലെത്തി. തുടർന്ന് 7.15ഒാടെ കണ്ണൂരിൽനിന്ന് പുറപ്പെടുകയായിരുന്നു. കുഞ്ഞിെൻറ നില വഷളായതിനാൽ ഒട്ടും വൈകാതെ തിരുവനന്തപുരത്ത് എത്തിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഇതോടെ പൊലീസും ആംബുലൻസ് ഡ്രൈവർമാരും ട്രോമാകെയർ വളൻറിയർമാരും ഉണർന്നു പ്രവർത്തിച്ചു. ആംബുലൻസ് ഡ്രൈവർമാർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിവരം കൈമാറിയപ്പോൾ കണ്ണൂർ -കോഴിക്കോട് റൂട്ടിൽ മൂന്ന് ആംബുലൻസുകൾ പൈലറ്റ് വാഹനമായി വണ്ടിക്ക് മുന്നിൽ കുതിച്ചുപാഞ്ഞു. ഒരു പൊലീസ് വാഹനവും ആംബുലൻസിന് വഴികാട്ടിയായി. സംഭവത്തിെൻറ ഗൗരവം മനസ്സിലാക്കി യാത്രക്കാരും ആംബുലൻസിന് വഴിയൊരുക്കാൻ ഇടപെട്ടു.
കോഴിക്കോട്, മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിലെല്ലാം ട്രോമാകെയർ വളൻറിയർമാർ പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ച് ഗതാഗതം നിയന്ത്രിച്ച് വഴിയൊരുക്കി. എല്ലായിടങ്ങളിലും പൊലീസും സജീവമായി ഇടപെട്ടു. ഒരിടത്തും തടസ്സങ്ങളില്ലാതെ കുതിച്ചെങ്കിലും തൃശൂർ ചങ്ങരംകുളത്ത് എത്തിയതോടെ ഹനാെൻറ സ്ഥിതി അതീവഗുരുതരമായി. രക്ഷിക്കാനുള്ള അവസാനവഴിയെന്ന നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞു ഹനാെൻറ ജീവൻ രക്ഷിക്കാൻ മറ്റ് ജില്ലകളിൽ വഴിയൊരുക്കി നിന്നവർക്ക് പിന്നീട് ലഭിച്ചത്, കാത്തുനിൽക്കേണ്ട... കുഞ്ഞ് മരിച്ചെന്നുള്ള മെസേജുകളായിരുന്നു. ഇന്നലെ വൈകീട്ട് 5.30ഒാടെ നാട്ടിലെത്തിച്ച ഹനാെൻറ മൃതദേഹം ചെക്കിക്കുളം മുണ്ടേരി പാറാപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.