കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത നേതാവ്; ‘തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല’
text_fieldsമലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത മലപ്പുറം ജില്ല സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മൊയ്തീൻ ഫൈസി വ്യക്തമാക്കി.
നിലവിലെ വിഷയത്തെ ഉന്നത നേതൃത്വം വേണ്ട രീതിയിൽ കൈകാര്യം ചെയ്യും. തീവ്രവാദത്തിനെതിരെ കാമ്പയിൻ നടത്തിയ വിഭാഗമാണ്. തീവ്രവാദ സംഘടനകളിലേക്ക് സമൂഹം പോകാതിരിക്കാനായി പ്രതിരോധ നിര സൃഷ്ടിച്ച സംഘടനകളാണ് എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് അടക്കമുള്ള സംഘടനകൾ എന്നും മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവർത്തകന്മാർ മുന്നോട്ടുണ്ടാവുമെന്നാണ് സത്താർ പന്തല്ലൂരിന്‍റെ വിവാദ പരാമർശം. ‘സത്യം, സ്വത്വം, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി ജീവിക്കുന്ന, ആ പ്രസ്ഥാനത്തിന് വേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്‍റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
ഒരു പഞ്ചായത്ത് മെമ്പറെ വിളിച്ചാൽ അവർക്ക് സമസ്തയുടെ ഓഫീസിൽ കയറാൻ സമയമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസിൽ ഞങ്ങൾക്ക് വരാൻ ഒരു സമയം തരണമേയെന്ന് പറയുന്ന ഒരു സാഹചര്യത്തിലേക്ക് ഈ പ്രസ്ഥാനം വളന്നു. സമസ്ത പത്രം തുടങ്ങിയതിനു ശേഷം മാധ്യമലോകത്തുണ്ടായ കുതിച്ചു ചാട്ടത്തിലൂടെ ഈ സംഘടന എന്താണെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെടാൻ അവസരമുണ്ടായി.
സമുദായത്തിന്‍റെ പൊതു താൽപര്യങ്ങൾക്ക് വേണ്ടി മുസ്ലിം ഐക്യമുണ്ടാവണം. പക്ഷേ ആശയ വ്യത്യാസമുള്ളവരോടൊപ്പം നിന്നപ്പോഴും ഒരു നിശ്ചിത അകലം പാലിക്കാൻ സമസ്ത ശ്രമിച്ചിട്ടുണ്ട്. ആഗോളതലത്തിൽ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത് സമുദായത്തെ അപമാനിച്ച ഐ.എസ് പോലുള്ള ഭീകര സംഘടനകൾ ലോകത്ത് കടന്നു വന്നിട്ടുണ്ട്. ഇത്തരം സംഘടനകളെ കുറിച്ച് പഠനം നടത്തിയപ്പോൾ ഇത്തരം ഭീകര പ്രസ്ഥാനങ്ങൾക്ക് പിന്നിൽ ആശയപരമായ പ്രചോദനം നൽകിയത് വഹാബിസം പോലുള്ള അപകടകരമായ സംഘടനകളാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇത്തരം ആശയങ്ങളുമായി നടക്കുന്ന ആളുകളുമായി വിട്ടുവീഴ്ച ചെയ്ത് അവരെ ചേർത്തു പിടിച്ചുള്ള ഒരു സംസ്കാരം ഉണ്ടാക്കാൻ സമസ്ത മുന്നോട്ടു വന്നിരുന്നെങ്കിൽ ഈ വൃത്തികെട്ട ഭാണ്ഡം പേറേണ്ട ഉത്തരവാദിത്വം കേരളത്തിലെ മുസ്ലിംകൾക്കുണ്ടാകുമായിരുന്നുവെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.