'ഡ്രെയിനേജ് പൈപ്പിനുള്ളിൽ കൈ കുടുങ്ങിയത് മദ്യക്കുപ്പി എടുക്കുന്നതിനിടെയല്ല'
text_fieldsചെങ്ങന്നൂർ: കുളിമുറിയുടെ തറയിൽനിന്നുള്ള ഡ്രെയിനേജ് പൈപ്പിനുള്ളിൽ വീട്ടുകാർ കാണാതെ ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ കുടുങ്ങിയയാളെ അഗ്നിരക്ഷാസംഘം എത്തി രക്ഷപ്പെടുത്തുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതയല്ലെന്ന് മാവേലിക്കര അഗ്നിരക്ഷാസേന അറിയിച്ചു. കുറച്ചുദിവസമായി വാട്സ്ആപ്പിലും സമൂഹമാധ്യമങ്ങളിലും ഇത്തരത്തിൽ ഒരു വിഡിയോയും ഫോട്ടോകളും കുറിപ്പും പ്രചരിക്കുകയാണ്.
ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ ഫെബ്രുവരി 26ന് രാത്രിയാണ് മധ്യവയസ്കെൻറ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നു. കുളിമുറിയിലെ ഡ്രെയിനേജ് പൈപ്പില്‍ തടസ്സം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈ കുടുങ്ങിയതും. രക്ഷാപ്രവര്ത്തനത്തിെൻറ വിഡിയോ പകര്‍ത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു.
എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തരത്തിൽ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.